Thursday, May 16, 2024
spot_img

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐ അടക്കം രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തു; എസ്‌ഐ സാബു അറസ്റ്റ് ചെയ്ത ഉടന്‍ കുഴഞ്ഞുവീണു

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ്‌ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

എസ്‌ഐ സാബു അറസ്റ്റ് ചെയ്ത ഉടന്‍ കുഴഞ്ഞുവീണു. ഉടന്‍ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 ദിവസമായും അറസ്റ്റ് നീണ്ടു പോവുകയാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. അതിനിടെയാണ് അറസ്റ്റ്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടിട്ട് പോലും കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ എസ്‌ഐയും സംഘവും കോടതിയില്‍ ഹാജരാക്കായില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച് രാജ്കുമാര്‍ ക്രൂരമായ കസ്റ്റഡി മര്‍ദനത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുന്ന ദൃക്‌സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാറിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദിവസങ്ങളോളം രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ന്യൂമോണിയ ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഉള്ളത്.

Related Articles

Latest Articles