ഉത്തരേന്ത്യയെ നടുക്കി മൂന്ന് കൊടും പീഡനങ്ങൾ. ബൽറാംപൂരിൽ പീഡനത്തിന് ഇരയായ ദളിത് യുവതി മരിച്ചു. ബല്‍റാംപുരില്‍ 22 വയസുള്ള കോളേജ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ബൽറാംപൂർ പൊലീസ് അറിയിച്ചു. മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മയക്കുമരുന്ന് കുത്തിവെച്ച ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ കാലുകളും അക്രമികള്‍ തല്ലിയൊടിച്ചു.
തുടര്‍ന്ന് ഇവര്‍ ഒരു റിക്ഷായില്‍ പെണ്‍കുട്ടിയെ കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി ബോധരഹിതയായി. തുടര്‍ന്ന് വീട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെണ്‍കുട്ടി മരിച്ചു.
അതേസമയം മധ്യപ്രദേശിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുടിലിൽ നിന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സഹോദരനൊപ്പം കുടിലിൽ ഉറങ്ങിക്കിടന്ന ബാലികയെ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഖാർഗോണിലും പ്രായപൂർത്തി ആകാത്ത പെൺകുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്.

