ദില്ലി : മുത്തലാഖ് ബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അവതരിപ്പിച്ചു. വിഷയം മാന്യതയും തുല്യതയുമായി ബന്ധപ്പെട്ടതാണെന്ന് ബിൽ അവതരണ വേളയിൽ കേന്ദ്രമന്ത്രി പറഞ്ഞു.
ബിൽ കഴിഞ്ഞയാഴ്ച ലോക് സഭ പാസാക്കിയിരുന്നു. രണ്ടാം മോദി സർക്കാർ അധികാരമേറ്റ ശേഷം പാർലമെന്റിന്‍റെ പ്രഥമ സമ്മേളനത്തിൽ മുഖ്യ പരിഗണന നൽകിയ ബില്ലാണ് മുത്തലാഖ് നിരോധന ബിൽ. മുത്തലാഖിലൂടെ വിവാഹബന്ധം വേർപെടുത്തുന്ന മുസ്ലീം പുരുഷന്മാർക്ക് ക്രിമിനൽ നിയമ പ്രകാരം ശിക്ഷ ഉറപ്പ് വരുത്തുന്നത് ബില്ലിലെ പ്രധാന വ്യവസ്ഥയാണ്.
പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ ബിജു ജനതാദൾ ബില്ലിൽ കേന്ദ്രത്തെ അനുകൂലിക്കുമെന്ന് വ്യക്തമാക്കി. ഇത് പ്രതിപക്ഷത്തെ ആശങ്കയിലാക്കുന്നുണ്ട്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആവശ്യം.

