Wednesday, January 7, 2026

ടെലകോം കമ്പനികളിൽ ലാഭം നേടിയത് ജിയോ മാത്രം: മറ്റുളവയ്ക്ക് 8 ലക്ഷം കോടി കടം; ഉപഭോക്താക്കളെ പിഴിഞ്ഞിരുന്ന കമ്പനികൾ വൻ നഷ്ടത്തിൽ

ദില്ലി: ഇന്ത്യയിലെ ടെലികോം കമ്പനികളില്‍ മുകേഷ് അംബാനിയുടെ ജിയോ ഒഴികെയുള്ള ടെലികോം സര്‍വ്വീസ് കമ്പനികളെല്ലാം കടുത്ത പ്രതിസന്ധിയിലാണെന്ന് ട്രായിയുടെ റിപ്പോര്‍ട്ട്. റിപ്പോർട്ട് പ്രകാരം നേട്ടമുണ്ടാക്കിയ ഒരേയൊരു ടെലികോം കമ്പനി മൂകേഷ് അംബാനി നയിക്കുന്ന ജിയോ മാത്രമാണ്. വൊഡാഫോണും എയര്‍ടെല്ലും അടങ്ങുന്ന മുന്‍നിര ടെലികോം കമ്പനികളെ പിന്നിലാക്കി കഴിഞ്ഞ പാദത്തിലെ വരുമാനത്തിലും ജിയോ മുന്നിലാണ്. അതേസമയം രാജ്യത്തെ മൊത്തം ടെലികോം കമ്പനികൾ നേരിടുന്നത് എട്ട് ലക്ഷം കോടിയുടെ കടമാണെന്നും ട്രായി റിപ്പോര്‍ട്ടിലുണ്ട്.

ഏകദേശം 9,838.91 കോടി രൂപയുടെ അധിക വരുമാനമാണ് റിലയന്‍സ് ജിയോ നേടിയിട്ടുള്ളതെന്ന് കണക്കുകളിലൂടെ വ്യക്തമാണ്. വരുമാനത്തിന്‍റെ 76 ശതമാനം വര്‍ധനവാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ റിലയന്‍സ് നേടിയത്.

അതേസമയം എയര്‍ടെല്ലിലിന്‍റെ വരുമാനം 8.7 ശതമാനം കുറഞ്ഞ് 5,920.22 കോടി രൂപയായി. വോഡഫോൺ ഐഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടിയുമായി. ഏപ്രിൽ അവസാനത്തിലെ റിപ്പോർട്ട് പ്രകാരം ജിയോയ്ക്ക് 31.5 കോടി വരിക്കാരുണ്ട്. വോഡഫോൺ ഐഡിയക്ക് 39.3 കോടിയും ഭാരതി എയർടെലിന് 32.2 കോടി വരിക്കാരുമുണ്ട്.

ജിയോയുടെ കടന്നുവരവോടെ മുൻപ് ഉപഭോക്താക്കളെ പിഴിഞ്ഞിരുന്ന ടെലകോം കമ്പനികൾക്കാണ് അടിതെറ്റിയത്. ചെറുതും വലുതുമായ നിരവധി ടെലികോം കമ്പനികൾ പ്രവർ‌ത്തിച്ചിരുന്ന ഇന്ത്യയിൽ ഇപ്പോൾ ജിയോയെ കൂടാതെ മറ്റ് മൂന്നു കമ്പനികൾ മാത്രമാണ് നിലവിലുള്ളത്. ഐഡിയയും വോഡഫോണും ഒന്നിച്ചു. എയർടെലും ടാറ്റാ ഡോകോമോയും ഒന്നിച്ചു. മൂന്നാമത്തെ കമ്പനി ബിഎസ്എൻഎൽ ആണ്.

വരിക്കാരുടെ എണ്ണത്തിൽ അതിവേഗം മുന്നേറുന്ന ജിയോയുടെ ബ്രോഡ്ബാൻഡ് സര്‍വീസ് വൈകാതെ ആരംഭിക്കുമെന്നാണ് സൂചന.
ഇത് വന്നാൽ മുൻനിര കമ്പനികളുടെ നഷ്ടം പതിന്മടങ്ങ് വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.

Related Articles

Latest Articles