Saturday, May 11, 2024
spot_img

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ യുക്രെയ്ന് രഹസ്യമായി ആയുധങ്ങൾ വിറ്റെന്ന് റിപ്പോർട്ട് ; കരാർ ഒപ്പിട്ടത് അമേരിക്കൻ കമ്പനികളുമായെന്നും പരാമർശം ; റിപ്പോർട്ട് നിഷേധിച്ച് പാക് വിദേശകാര്യമന്ത്രാലയം

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാൻ രഹസ്യമായി യുക്രെയ്ന് ആയുധങ്ങള്‍ വിറ്റെന്ന് റിപ്പോർട്ട്. ആയുധ കൈമാറ്റത്തിലൂടെ 364 മില്യണ്‍ ഡോളര്‍ പാക് സർക്കാർ സംഘടിപ്പിച്ചുവെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇടപാടിനായി ഗ്ലോബല്‍ മിലിറ്ററി, നോര്‍ത്ത് റോപ്പ് ഗ്രുമ്മെന്‍ എന്നീ രണ്ട് അമേരിക്കന്‍ കമ്പനികളുമായാണ് പാകിസ്ഥാൻ ഒപ്പിട്ടതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അമേരിക്കന്‍ ഫെഡറല്‍ പ്രൊക്യൂര്‍മെന്റ് ഡാറ്റസിസ്റ്റത്തില്‍ നിന്നുലഭിച്ച വിവരത്തിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

റാവല്‍പിണ്ടിയിലെ പാക് എയര്‍ഫോഴ്സ് ബെയ്സായ നൂര്‍ഖാനില്‍ നിന്ന് ആയുധങ്ങളും വഹിച്ച് പറന്ന ബ്രിട്ടീഷ് സൈനിക കാര്‍ഗോ വിമാനം സൈപ്രസിലെയും അക്രോട്ടറിയിലെയും ബിട്ടീഷ് സൈനിക ബേയ്സിലേക്കും പിന്നീട് റൊമാനിയയിലേക്കും പറന്നു. ഇപ്രകാരം അഞ്ചുതവണയാണ് യുക്രെയ്ന് ആയുധങ്ങൾ കൈമാറിയതെന്നാണ് വിവരം.

2022 ആഗസ്റ്റ് 17-ലാണ് കരാര്‍ ഒപ്പിട്ടത്. 155 എം.എം. ഷെല്ലുകളാണ് ഇതിന്റെ അടിസ്ഥാനത്തില്‍ വിറ്റത്. ഗ്ലോബല്‍ മിലിറ്ററി കമ്പനിയുമായി 232 മില്യണ്‍ ഡോളറിന്റെയും നോര്‍ത്ത് റോപ്പ് ഗ്രുമ്മാന്‍ കമ്പനിയുമായി 131 മില്യണ്‍ ഡോളറിന്റെയും കരാറാണുണ്ടാക്കിയത്. കരാര്‍ 2023 ഒക്ബറില്‍ അവസാനിച്ചു. 2021-22 സാമ്പത്തിക വര്‍ഷം 13 മില്യണ്‍ ഡോളറായിരുന്ന പാകിസ്ഥാന്റെ വരുമാനം . 2022-23ല്‍ 415 മില്യണ്‍ ഡോളറായി വരുമാനം വര്‍ധിച്ചു എന്നത് റിപ്പോർട്ടിന്റെ വിശ്വസനീയത വർധിപ്പിക്കുന്നുണ്ട്.

എന്നാൽ പാകിസ്ഥാൻ റിപ്പോർട്ട് നിഷേധിക്കുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് രാജ്യം സ്വീകരിച്ചതെന്നും അതിനാല്‍ ആയുധ കൈമാറ്റം നടന്നിട്ടില്ലെന്നുമാണ് പാക് വിദേശകാര്യമന്ത്രാലയം വാദിക്കുന്നത്. യുക്രെയ്ൻ വിദേശകാര്യമന്ത്രി ഡിംട്രോ കുലേബ ഇക്കഴിഞ്ഞ ജൂലൈയില്‍ പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത നിഷേധിച്ചിരുന്നു.

Related Articles

Latest Articles