ദില്ലി : ധർമ്മസ്ഥലയിലെ തെരച്ചിലില്‍ ഇന്ന് കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത പുരുഷന്റേതെന്ന് കരുതുന്ന മൃതദേഹം. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്നല്ല ഇന്ന് മൃതദേഹം കണ്ടെത്തിയത്. സാക്ഷി ചൂണ്ടിക്കാണിച്ച ഇടത്തേക്ക് പോകുന്ന വഴിക്കാണ് മൃതദേഹം കണ്ടത്. മൃതദേഹം മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നില്ല.
മൃതദേഹത്തിന്‍റെ അടുത്ത് മുണ്ടും ഷർട്ടും ഒരു കയറും ഉണ്ടായിരുന്നു. അതിനാൽ തന്നെ മരിച്ചയാൾ ആത്മഹത്യ ചെയ്തതാണ് എന്നാണ് കരുതുന്നത്. തെരച്ചിൽ ആറാം ദിവസം പിന്നിടുമ്പോൾ സാക്ഷി പറഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നുമാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്.
സാക്ഷി കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് പുതിയ ചില സ്പോട്ടുകൾ അറിയാമെന്നും അവിടങ്ങളിൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഡിജിപിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പുതിയ സ്പോട്ടിലേക്ക് പരിശോധന വ്യാപിപ്പിക്കാമെന്ന തീരുമാനമെടുക്കുകയായിരുന്നു.

