Wednesday, December 24, 2025

ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ആശുപത്രി ജീവനക്കാരനായ തൃണമൂൽ നേതാവിനെ ചോദ്യം ചെയ്ത് സിബിഐ

കൊൽക്കത്ത: ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊന്ന കേസിൽ തൃണമൂൽ നേതാവിനെ ചോദ്യം ചെയ്ത് സിബിഐ. ആശുപത്രിയിലെ ജീവനക്കാരൻ കൂടിയായ തൃണമൂൽ യുവ നേതാവ് ആശിഷ് പാണ്ഡെയെയാണ് കഴിഞ്ഞ ദിവസം സിബിഐ ഓഫീസിൽ വച്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടതായാണ് വിവരം.

സംശയാസ്പദമായ രീതിയിൽ ആശിഷിന്റെ ഫോൺ നമ്പർ മറ്റ് ഫോണുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, പിജി ഡോക്ടർ കൊല്ലപ്പെട്ട സമയം ആശിഷ് എവിടെ ആയിരുന്നുവെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാൾ പെൺ സുഹൃത്തിനൊപ്പം സോൾട്ട് ലേക്കിലെ ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തിട്ടുണ്ട്.

ഹോട്ടൽ ബുക്ക് ചെയ്തത്, പണമിടപാടുകൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഹോട്ടൽ അധികൃതരേയും ഉദ്യോഗസ്ഥർ വിളിച്ചുവരുത്തിയിരുന്നു.”ഒരു ആപ്പ് വഴിയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. ഓഗസ്റ്റ് 9ന് ഉച്ചയ്‌ക്ക് ശേഷമാണ് ചെക്ക് ഇൻ ചെയ്തത്. പിറ്റേന്ന് രാവിലെയാണ് ഇവിടെ നിന്ന് മടങ്ങുന്നത്. ആശിഷിന്റെ പല നീക്കങ്ങളും സംശയം ഉണ്ടാക്കുന്നതാണെന്നും, ഇത് കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും” ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒൻപതാം തിയതി പുലർച്ചെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്നും ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്.

Related Articles

Latest Articles