Thursday, May 16, 2024
spot_img

ലഹരിമരുന്ന് കേസ്; റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍റെയും ജാമ്യാപേക്ഷ കോടതി തളളി

ദില്ലി: സുശാന്ത് സിങ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തളളി. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട മുംബൈയിലെ പ്രത്യേക കോടതിയാണ് റിയക്കും സഹോദരനുമടക്കമുള്ള മറ്റു എട്ട് പേര്‍ക്കും ജാമ്യം നിഷേധിച്ചത്.
മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കുറ്റംചുമത്തി എന്‍.സി.ബി. ആണ് റിയയേയും സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയടക്കമുള്ളവരേയും അറസ്റ്റ് ചെയ്തത്.

തന്നെ നിര്‍ബന്ധിപ്പിച്ച് കുറ്റസമ്മതം നടത്തിപ്പിച്ചതാണെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും, വ്യാജ കുറ്റങ്ങള്‍ തന്‍റെ മേല്‍ ചുമത്തിയാണെന്നും റിയ പറഞ്ഞു. തനിക്കു നേരെ കൊലപാതക ഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടായി. പലരീതിയിലുള്ള അന്വേഷണങ്ങളും നടത്തി മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ജാമ്യാപേക്ഷയില്‍ റിയയുടെ വാദം.

അതേസമയം റിയക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കും. സമൂഹത്തിലെ അവരുടെ സ്ഥാനവും പണവും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കുമെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ വ്യക്തമാക്കി.

ബാന്ദ്രയിലെ വീട്ടില്‍ ജൂണ്‍ 14-നാണ് സുശാന്ത് സിങ്ങിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിനുത്തരവാദി കൂട്ടുകാരി റിയ ചക്രവര്‍ത്തിയാണെന്നു കാണിച്ച് സുശാന്തിന്‍റെ അച്ഛന്‍ കെ.കെ. സിങ് പട്‌ന പോലീസിനു നല്‍കിയ പരാതിയില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങി. ഇതിനുപിന്നാലെയാണ് ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് എന്‍.സി.ബി. അന്വേഷണമാരംഭിച്ചത്.

സെപ്റ്റംബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയ നിലവില്‍ ബൈക്കുല്ല ജില്ലാ ജയിലിലാണുള്ളത്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകന്‍ അറിയിച്ചു.

Related Articles

Latest Articles