കൊച്ചി: പോക്സോ കേസിൽ മുഖ്യ പ്രതിയായ ഫോര്‍ട്ടു കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് മുമ്പിൽ കീഴടങ്ങി. മട്ടാഞ്ചേരിയിലാണ് റോയ് കീഴടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ തുടര്‍ നടപടികള്‍ക്കായി പോലീസ് കസ്റ്റഡിയിലെടുക്കും. സുപ്രീം കോടതിയും ഹൈക്കോടതിയും റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതിയുടെ കീഴടങ്ങല്‍. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റോയ് ഒളിവില്‍ കഴിയുകയായിരുന്നു.
അതേസമയം പോക്സോ കേസിലെ മറ്റൊരു ആരോപണ വിധേയനായ സൈജു എം. തങ്കച്ചന്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇരുവരുടേയും വീടുകളില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. റോയ് വയലാട്ട്, സൈജു എം തങ്കച്ചന്‍ എന്നിവര്‍ക്ക് പുറമെ ബിസിനസ് കണ്‍സള്‍ട്ടന്റ് അഞ്ജലി റീമാദേവും കേസിലെ പ്രതിയാണ്. എന്നാല്‍ അഞ്ജലിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.
കോഴിക്കോട് സ്വദേശികളായ അമ്മയുടേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും പരാതിയിലാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി നേരിട്ടതായും പരാതിക്കാര്‍ വെളിപ്പെടുത്തുന്നുണ്ട്.

