Tuesday, May 14, 2024
spot_img

വിദേശമദ്യ വ്യാപാരത്തിന്റെ മറവിൽ 50 കോടി രൂപയുടെ തട്ടിപ്പ്; സിനിമാ നിർമ്മാതാക്കൾക്കെതിരെ പരാതി, തട്ടിപ്പ് സംഘത്തിൽ സ്ത്രീകളുമെന്ന് സൂചന

വിദേശമദ്യ വ്യാപാരത്തിന്റെ മറവിൽ 50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് സിനിമാ നിർമ്മാതാക്കൾക്കെതിരെ പരാതി. ഡിജിപി ലോക്നാഥ് ബെഹ്രക്ക് നേരിട്ട് ലഭിച്ച പരാതിയിൽ രണ്ട് സിനിമാ നിർമ്മാതാക്കൾക്കെതിരെ അന്വേഷണം ആരംഭിച്ചു. വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.

സംഭവത്തിൽ രണ്ട് സ്ത്രീകൾക്കും പങ്കുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഉപയോഗിച്ചാണ് പ്രതികൾ പത്തോളം പേരിൽ നിന്ന് പണം വാങ്ങിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത 5 കോടി രൂപ വിലമതിക്കുന്ന വിദേശമദ്യം നികുതിവെട്ടിപ്പിന് ബംഗലൂരുവിലെ കസ്റ്റംസ് ഗോഡൗണിൽ പിടിച്ചു വെച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ കാട്ടിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. നികുതി അടച്ച് സംസ്ഥാന ബവ്റിജസ് കോർപറേഷനു മദ്യം കൈമാറാൻ സാമ്പത്തിക സഹായം നൽകിയാൽ 60 ദിവസത്തിനുള്ളിൽ ഇരട്ടിത്തുക ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. 5 കോടി രൂപയുടെ മദ്യം 7.80 കോടി രൂപ തീരുവ അടച്ചു ബെംഗളൂരുവിലെ കസ്റ്റംസ് ഗോഡൗണിൽ നിന്നു പുറത്തിറക്കിയാൽ 24 കോടി രൂപയ്ക്കു വാങ്ങാൻ കേരള ബവ്റിജസ് കോർപറേഷനുമായുണ്ടാക്കിയ കരാറും ഇവർ കാണിച്ചു.

ഇതു വിശ്വസിച്ച് 3 കോടി രൂപ കൈമാറിയ ചാലക്കുടി സ്വദേശി മിഥുൻ ഇട്ടൂപ്പ് നൽകിയ പരാതിയിലാണ് ഡിജിപിയുടെ നിർദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചത്. മിഥുനെക്കൂടാതെ തട്ടിപ്പിന് ഇരയായ 10 പേർക്കായി 50 കോടി രൂപ നഷ്ടമായിരിക്കുന്നതായാണ് വിവരം. നേരത്തെ പരാതി നൽകാൻ ഒരുങ്ങിയവരെ തട്ടിപ്പു സംഘത്തിലെ സ്ത്രീകൾ പീഡനക്കേസിൽ ഉൾപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിന്മാറ്റിയതായും ആരോപണമുണ്ട്.

സിനിമാ രംഗത്ത് മദ്യത്തിന്റെയും കഞ്ചാവിന്റെയും ഉപയോഗം വ്യാപകമാകുന്നതായി നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് ചില നിർമ്മാതാക്കൾ തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു. നടന ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലും ചില നിർമ്മാതാക്കൾ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ലഹരി വസ്തുക്കൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് നേരത്തെ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായിരുന്നു. ഈ പശ്ചാത്തലത്തിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സിനിമാ പ്രവർത്തകരുടെ പേരുകളും ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് ഇവർ കേസ് ഒതുക്കയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് പുതിയ പരാതി. അന്വേഷണത്തെ ബാധിക്കാൻ സാദ്ധ്യത ഉള്ളതിനാൽ നിർമ്മാതാക്കളുടെ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.

Related Articles

Latest Articles