Saturday, May 4, 2024
spot_img

പുതിയ പോർമുഖം തുറന്ന് ഹിന്ദു സംഘടനകൾ; കേസെടുത്ത് വിരട്ടാനുള്ള സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ ആർ എസ് എസ് പ്രതിനിധികൾ പെരുന്നയിലെത്തി; വിശ്വാസ സംരക്ഷണത്തിനായി സംസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ

പെരുന്ന: സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പ്രസ്താവനക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച എൻ എസ് എസിനെതിരെ കേസെടുത്ത പശ്ചാത്തലത്തിൽ ഹിന്ദു സംഘടനകൾ വിട്ടുവീഴ്ചയില്ലാത്ത പോർമുഖത്തിലേക്കെന്ന് സൂചന. ആർ എസ്സ് എസ്സിന്റെയും, വിശ്വഹിന്ദു പരിഷത്തിന്റെയും, അയ്യപ്പ സേവാ സമാജത്തിന്റെയും പ്രതിനിധികൾ എൻ എസ് എസ് ആസ്ഥാനത്തെത്തി സംഘടനയുമായി ചർച്ചകൾ നടത്തി. മുതിർന്ന സംഘ പ്രചാരകൻ എസ് സേതുമാധവൻ, വി എച് പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, അയ്യപ്പ സേവാ സമാജം പ്രതിനിധി എസ് ജെ ആർ കുമാർ തുടങ്ങിയവരാണ് പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തെത്തി ചർച്ചകൾ നടത്തിയത്. ഹിന്ദു ആരാധനാ മൂർത്തിയായ ഗണപതി വെറും മിത്താണെന്നും ഇത്തരം വിശ്വാസങ്ങൾ ശാസ്ത്രബോധമുള്ള സമൂഹത്തിന് ചേർന്നതല്ലെന്നുമാണ് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞത്. മതസ്പർദ്ധയുണ്ടാക്കുന്ന പ്രസ്താവനയാണ് സ്പീക്കറുടെ ഭാഗത്തുനിന്നുമുണ്ടായതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നും എൻ എസ് എസ് ആവശ്യപ്പെട്ടിരുന്നു.

വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട് ഇന്നലെ തലസ്ഥാനത്ത് നടത്തിയ നാമജപ യാത്രക്കെതിരെ കന്റോൺമെന്റ് പോലീസാണ്‌ കേസെടുത്തത്. ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് കാണിച്ചാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ആയിരത്തിലധികം ഭക്തജനങ്ങൾ പ്രതികളായിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ വൈകിട്ട് പാളയം മുതല്‍ പഴവങ്ങാടി വരെയായിരുന്നു യാത്ര. അനധികൃതമായി സംഘം ചേര്‍ന്ന് ഘോഷയാത്ര നടത്തിയെന്നും ഹൈക്കോടതി വിധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയുമാണ് നടപടി. എന്നാല്‍ ഘോഷയാത്ര സംബന്ധിച്ച വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെന്ന് എന്‍എസ്എസ് ഭാരവാഹികള്‍ വ്യക്തമാക്കി. യാത്രയ്‌ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബി ജെ പി വൈകുന്നേരം അഞ്ച് മണിക്ക് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles