പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. കൊലപാതകത്തിന് ശേഷം പ്രതികൾ പല വഴിക്ക് പോയി. കുഴൽമന്ദത്ത് നിന്നാണ് പ്രതികൾ പലവഴിയ്ക്കു പിരിഞ്ഞത്. ഇന്നലെ അറസ്റ്റിലായ പ്രതിയാണ് ഇക്കാര്യം സമ്മതിച്ചത്. കൃത്യം നടത്തി മമ്പറത്തുനിന്ന് കാറിൽ കുഴൽമന്ദത്തെത്തി. കുഴൽമന്ദം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപമാണ് കാർ നിർത്തിയത്. കാറ് കേടായതിനെത്തുടർന്ന് മറ്റ് വാഹനങ്ങളിൽ പല സ്ഥലങ്ങളിലേക്ക് പോയി. പിന്നീടാണ് കാറ് മാറ്റിയത്. ഒരു മാസം മുമ്പ് അണക്കപ്പാറയിലെ ഒരു വീട്ടിൽ കാറുണ്ടായിരുന്നതായും പ്രതി മൊഴി നല്‍കി.
അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും. അതിനാൽ പേരും മേല്‍വിലാസവും പുറത്തുവിടാനാകില്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.സഞ്ജിത് കൊല്ലപ്പെട്ട് എട്ടാം ദിനമാണ് കേസിലെ നിര്‍ണായക അറസ്റ്റ് ഉണ്ടായത്.
ഇതിനു മുൻപ് സംശയം തോന്നിയവരെ മുണ്ടക്കയത്തുനിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് കസ്റ്റഡിയിലായത്.

