Thursday, December 18, 2025

സംഘർഷ സൂചന നൽകി യുക്രെയ്ൻ വിമത മേഖലകളിൽ ഷെല്ലാക്രമണം; പിന്നിൽ റഷ്യയെന്ന് യുക്രെയ്ൻ, യുദ്ധം ആസന്നമെന്ന് അമേരിക്ക

വാഷിങ്ടൻ: സംഘർഷ സൂചന നൽകി കിഴക്കൻ യുക്രെയ്നിലെ വിമത നിയന്ത്രണത്തിലുള്ള ഡോൺബസിൽ ഷെല്ലാക്രമണം. വിമതരെ പിന്തുണയ്ക്കുന്ന റഷ്യൻ സേനയുടെ ആക്രമണത്തിൽ ഒരു കിന്റർഗാർട്ടൻ തകർന്നതായും യുക്രെയിനും വെടിനിർത്തൽ കരാർ ലംഘിച്ച് യുക്രെയ്ൻ സേന ആക്രമിച്ചതായി വിമതരും കുറ്റപ്പെടുത്തി. ദിവസങ്ങളായി യുക്രെയ്ൻ യുദ്ധഭീതിയിലായിരുന്നു. യുദ്ധ സാഹചര്യമില്ലെന്നും സേന പിന്മാറുമെന്നും റഷ്യ അറിയിച്ചതിനു പുറകെയാണ് സംഘർഷം. സേനാ പിന്മാറ്റം തുടരുന്നതിനു തെളിവായി കിഴക്കൻ യുക്രെയ്നിലെ ക്രൈമിയയിൽ നിന്ന് ടാങ്കുകളും മറ്റും കയറ്റിയ ട്രെയിൻ നീങ്ങുന്നതിന്റെ വിഡിയോ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരുന്നു. എന്നാൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ റഷ്യയുടെ സേനാ പിന്മാറ്റ അവകാശവാദം തള്ളിയിരുന്നു. വാചകമടിയല്ലാതെ കാര്യമായ പിന്മാറ്റം ഉണ്ടായിട്ടില്ലെന്നും അതിർത്തിയിലേക്ക് റഷ്യ 7000 സൈനികരെക്കൂടി എത്തിച്ചതായും ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് യുഎസ് ആരോപിച്ചു. യുദ്ധം ആസന്നമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ചു. ഇന്നലെ മ്യൂണിക് സുരക്ഷാ സമ്മേളനത്തിനു തിരിക്കാനിരുന്ന സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് യാത്ര മാറ്റിവയ്ക്കാനും യുഎൻ രക്ഷാസമിതി യോഗത്തിൽ കാര്യങ്ങൾ വിശദീകരിക്കാനും ബൈഡൻ ആവശ്യപ്പെട്ടു. വിമത മേഖലയിലെ സംഘർഷത്തിന്റെ പേരിൽ പ്രകോപനമുണ്ടാക്കി യുദ്ധത്തിലേക്കു വഴിതുറക്കാനുള്ള റഷ്യയുടെ തന്ത്രമാണിതെന്ന് യുക്രെയ്ൻ ആരോപിച്ചു.

കിഴക്കൻ യുക്രെയ്നിൽ സംഘർഷം രൂക്ഷമാകുന്നതിൽ റഷ്യ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നവെങ്കിലും കാര്യമായ പുരോഗതിയില്ലെന്നും റഷ്യ വിലയിരുത്തുന്നു. അതിനിടെ യുക്രെയ്ൻ–ഇന്ത്യ വിമാനസർവീസുകൾക്ക് കോവിഡ് മൂലം ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഇന്ത്യ പിൻവലിച്ചു.

Related Articles

Latest Articles