റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി യുക്രൈന്‍ സംഘം ബെലാറസില്‍ എത്തിയതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘമാണ് ചര്‍ച്ച നടത്തുക. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത് എന്നാണ് സൂചന. ഇന്നലെ നടന്ന ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു. എന്നാലും സമാധാനത്തിനായി താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുതെന്ന് ആഗ്രഹമുണ്ടെന്നും അതിനായി ഒരു ശ്രമം എന്നുമാണ് സെലൻസ്കി പറഞ്ഞത്.
ആണവ യുദ്ധ ഭീഷണിയുമായി റഷ്യന്‍ (Russia) പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രംഗത്തെത്തിയതിന് പിന്നാലെയാണ് യുക്രെയിൻ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. നേരത്തെ ബെലാറസിൽ വച്ച് ചർച്ച നടക്കുന്നതിനെ യുക്രെയിൻ എതിർത്തിരുന്നു. റഷ്യയാണ് ബെലാറസില്‍ വെച്ച് ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതിനിടെ റഷ്യയുടെ യുദ്ധ നടപടിക്കെതിരെ ഐക്യരാഷ്ട്ര പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ, യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചർച്ച ചെയ്യും. യുക്രൈൻ ജനത നേരിടുന്ന മാനുഷിക പ്രശ്നങ്ങളും ചർച്ചയാകും. ഇന്ന് രാത്രിയോടെയാണ് യോഗം ചേരുക.

