Monday, January 12, 2026

തിരുവാഭരണ ഘോഷയാത്ര അറിയേണ്ടതെല്ലാം; ഘോഷയാത്രയുടെ തത്സമയക്കാഴ്ച ഒരുക്കി തത്വമയി നെറ്റ്‌വർക്ക്

ഒന്നാം ദിനം

ജനുവരി 12ന് പന്തളത്തു നിന്നും ആരംഭിച്ച് മകര വിളക്ക് ദിവസം അതായത് ജനുവരി 14 ന് ശബരിമലയിൽ എത്തുന്ന വിധത്തിലാണ് ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്ര.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണങ്ങൾ വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തിക്കുന്നതോടുകൂടി ഘോഷയാത്രയ്ക്ക് തുടക്കമാവും. ശ്രീകോവിലിനു മുന്നിൽ എത്തിക്കുന്ന തിരുവാഭരണം ദർശിക്കുന്നതിനും വിശ്വാസികൾക്ക് സൗകര്യമുണ്ടായിരിക്കും. പിന്നീട് പൂജകൾക്കും ചടങ്ങുകൾക്കും ശേഷം ഉച്ചയോടുകൂടി തിരുവാഭരണം പുറത്തേക്കെഴുന്നള്ളിച്ച് ഘോഷയാത്ര തുടക്കമാവും.

ലക്ഷോപലക്ഷം അയ്യപ്പഭക്തരുടെ ശരണം വിളികളോടെ
പന്തളം രാജകുടുംബത്തിന്‍റെ രാജപ്രതിനിധി മൂലംനാൾ ശങ്കർ വർമ്മയോടൊപ്പം മൂന്നു പേടകങ്ങളുമായി യാത്ര തുടങ്ങും. പരമ്പരാഗത പാതയിലൂടെയാണ് തിരുവാഭരണ ഘോഷയാത്ര പോകുന്നത്. 83 കിലോമീറ്ററാണ് തിരുവാഭരണ പാതയുടെ ദൂരം. പുത്തൻമേട തിരുമുറ്റത്തു നിന്നും തുടങ്ങി കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, കുളനട ദേവീ ക്ഷേത്രം, ഉള്ളന്നൂർ വഴി പറയങ്കര ഗുരുമന്ദിത്തിലെത്തും. ഇവിടുന്ന് കുറിയാനിപ്പള്ളി ക്ഷേത്രത്തിലും. പിന്നീട് കൂടുവെട്ടിക്കൽ, കാവുംപടി, കിടങ്ങന്നൂർ, ആറൻമുളവഴി പുതിയകാവു ദേവീക്ഷേത്രത്തിലെത്തി വിശ്രമം.
ഇതിൽ കുളനട ദേവീ ക്ഷേത്രം, കുറിയാനിപ്പള്ളി ക്ഷേത്രം, പാമ്പാടിമണ്ണ്, അയിരൂർ പുതിയകാവു ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ തിരുവാഭരണ ദർശനം ഉണ്ടായിരിക്കും.

രണ്ടാം ദിനം

തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനത്തിൽ അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ നിന്നും ഇടപ്പാവൂർ, പേരൂർച്ചാൽ, ആയിക്കൽകുന്ന്, ഇടക്കുളം വഴി വടശ്ശേരിക്കരയിലെത്തി പ്രയാർ ക്ഷേത്രം, പൂവത്തുംമൂട് പെരുന്നാട് ശാസ്താ ക്ഷേത്രം, പെരുനാട് രാജേശ്വരി ഭജന മണ്ഡപം. അന്നേ ദിവസത്തെ വിശ്രമം ളാഹ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലാണ്.

മൂന്നാം ദിനം

ളാഹയിൽ നിന്നും. പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ, അട്ടത്തോട്, കൊല്ലമൂഴി, വെള്ളച്ചിമല, ഏറ്റപ്പെട്ടി, ഓളിയംപുഴ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി വഴി ശബരിമല സന്നിധാനത്ത് എത്തുന്ന വിധത്തിലാണ് മൂന്നാം ദിവസത്തെ യാത്ര. വൈകിട്ടോടുകൂടി ശബരീപീഠത്തിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതരും ഭക്തജനങ്ങളും ശരംകുത്തിയിൽ നിന്നും സ്വീകരിച്ച് സന്നിധാനത്തേയ്ക്ക് കൊണ്ടുപോകും. മകരസംക്രമ ദിനത്തിൽ തിരുവാഭരണങ്ങൾ ചാർത്തി സന്നിധാനത്ത് ശ്രീധർമ്മ ശാസ്താവിന് ദീപാരാധന നടത്തും.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles