കൊച്ചി: കൊച്ചിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറി (Accident In Kochi). സംഭവത്തിൽ 12 തീർത്ഥാടകർക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെ ഇടപ്പള്ളി ട്രാഫിക് ജംഗ്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ബസ് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. 8 പേർക്കാണ് പരിക്കേറ്റത്. ആകെ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി സിഗ്നലിൽ നിർത്തിയിട്ടിരുന്ന അയ്യപ്പ ഭക്തരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അയ്യപ്പ ഭക്തരുടെ വാഹനത്തിൽ ഇടിച്ച ബസ് പിന്നീട് മറ്റൊരു ബൈക്കിലും ഇടിച്ച ശേഷമാണ് നിന്നത്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് അപകടത്തിൽപ്പെട്ടവരും ബസിലെ യാത്രക്കാർ പറയുന്നത്. എന്നാൽ ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് കെഎസ്ആർടിസി ഡ്രൈവർ പറയുന്നത്. ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ വിശദീകരണം.

