പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണ്ണായക പരിശോധനയുമായി എസ്ഐടി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ പരിശോധനകൾക്കായി ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള സ്വർണപ്പാളികൾ ഇളക്കി മാറ്റി സാമ്പിൾ ശേഖരിച്ചു. ശബരിമല സ്പെഷ്യൽ കമ്മീഷണർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പരിശോധനകൾ നടക്കുന്നത്.
സ്വർണ്ണത്തിന്റെ കാലപ്പഴക്കവും ശുദ്ധിയും കണ്ടെത്തുക എന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. 2009-ൽ പൂശിയ സ്വർണ്ണവും 1998-ൽ യുവി ഗ്രൂപ്പ് പൂശിയ സ്വർണ്ണവും തമ്മിലുള്ള വ്യത്യാസം കേസിൽ നിർണ്ണായകമാകും. ശ്രീകോവിലിനോട് ചേർന്ന് അയ്യപ്പന്റെ ചരിത്രം ആലേഖനം ചെയ്ത സ്വർണ്ണപ്പാളിയിൽ നിന്നുള്ള സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. നടയടച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥർ സോപാനത്തിനു മുന്നിലെ പരിശോധനകളിലേക്ക് കടക്കും എന്നാണ് ലഭിക്കുന്ന വിവരം.
സ്വർണപ്പാളികൾ ഇളക്കി മാറ്റിയ ശേഷം അത് തിരിച്ച് പുനഃസ്ഥാപിക്കുക എന്നത് സമയമെടുക്കുന്ന കാര്യമാണ്. മണ്ഡലകാലത്ത് ഭക്തർ ദർശനത്തിന് സമയം അനുവദിക്കുന്നതിന് മുൻപായി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

