Sunday, May 12, 2024
spot_img

പമ്പയിലെ സൗകര്യങ്ങൾക്കൊന്നും മാറ്റമില്ല!! പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, ലക്ഷക്കണക്കിനാളുകൾ ഒരുമിച്ച് വന്നാൽ പെട്ടുപോകുന്ന അവസ്ഥ;ശബരിമലയിൽ യാതൊരു മുന്നൊരുങ്ങളും സർക്കാർ നടത്തിയിട്ടില്ലെന്ന് വത്സൻ തില്ലങ്കേരി

കണ്ണൂർ: സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളുമായി ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ശബരിമലയിൽ സർക്കാർ ഒരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല, പരമ്പരാഗത കാനനപാത വഴി സന്നിധാനത്തേക്ക് യാത്ര തിരിച്ച ഭക്തരെ തടഞ്ഞുവെച്ച സംഭവം ആരാധനാ സ്വാതന്ത്ര്യത്തിന് എതിരാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനനപാത പോലും ഗതാഗത യോഗ്യമാക്കാൻ സാധിച്ചിട്ടില്ല. ശബരിമലയിലെ വരുമാനം കൊണ്ട് ജീവിക്കുന്ന പതിനായിരക്കണക്കിന് ആളുകളുണ്ട്. പിന്നെ എന്തുകൊണ്ട് ഭംഗിയായി സൂക്ഷിക്കുന്നില്ലായെന്നും ഹിന്ദുക്കളെ അവഗണിക്കാനുള്ള പരിശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും തില്ലങ്കേരി വ്യക്തമാക്കി.

മൂന്ന് വർഷം മുമ്പുണ്ടായ പ്രളയത്തെ തുടർന്ന് താറുമാറായ പമ്പയിലെ സ്ഥിതികൾക്കും മാറ്റമുണ്ടായില്ല. സന്നിധാനത്ത് വിരിവെക്കാനുള്ള സൗകര്യമില്ല. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന അവസ്ഥയിൽ തന്നെയാണ്. ലക്ഷക്കണക്കിനാളുകൾ ഒരുമിച്ച് വന്നാൽ അവരെ ഉൾക്കൊള്ളാനുള്ള സംവിധാനമില്ല. കഴിഞ്ഞ മൂന്ന് വർഷമായിട്ടും ആവശ്യമായ മാറ്റങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടില്ല.

ശബരിമല പോലും അവഗണനയിലാണെന്നത് ഹിന്ദുസമൂഹത്തോട് കാണിക്കുന്ന അലംഭാവത്തിന് വ്യക്തമായ ഉദാഹരണമാണ്. ഹിന്ദു സമൂഹത്തിന് എതിരെയുള്ള വെല്ലുവിളികൾ വർദ്ധിച്ചുവരികയാണെന്നും ദേശവിരുദ്ധർ ഒരു ചേരിയിൽ അണിനിരന്ന് ദേശീയ പ്രസ്ഥാനങ്ങൾക്ക് നേരെ അക്രമങ്ങൾ അഴിച്ചു വിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

Related Articles

Latest Articles