ദില്ലി : ലോറസ് സ്പോര്‍ട്ടിങ് മൊമന്റ് 2000-2020 അവാര്‍ഡിന്റെ അവസാന റൗണ്ടിലേക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും. കായിക ലോകത്തെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌ക്കാരത്തിനാണ് സച്ചിന്റെ ലോകകപ്പ് കിരീട നേട്ട മുഹൂര്‍ത്തം ഉള്‍പ്പെടുത്തിയിരുന്നത്. 20 സംഭവങ്ങളില്‍ നിന്നാണ് സച്ചിന്റെ ലോകകപ്പ് വിജയാഘോഷത്തെ തിരഞ്ഞെടുത്തത്. അഞ്ചു സംഭവങ്ങളാണ് അവസാനഘട്ടത്തിലുള്ളത്.
2011 ക്രിക്കറ്റ് ലോകകപ്പ് ജയത്തിനുശേഷം സച്ചിനെ ഇന്ത്യന്‍ താരങ്ങള്‍ ചുമലിലേറ്റി ഗ്രൗണ്ടിനെ വലംവെക്കുന്നതിനെ ‘ഒരു രാജ്യത്തിന്റെ ചുമലിലേറി’ എന്ന ശീര്‍ഷകത്തോടെയാണ് അവതരിപ്പിച്ചത്. ഇതാണ് അവസാന റൗണ്ടിലെത്തിയത്.
പൊതുജനങ്ങള്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. ഫെബ്രുവരി 16 വരെ വോട്ടുചെയ്യാം. വിജയിയെ 17-ന് പ്രഖ്യാപിക്കും. 20 വര്‍ഷത്തിനിടെയുണ്ടായ 20 സംഭവങ്ങളാണ് പുരസ്‌കാരത്തിനായി ഉള്‍പ്പെടുത്തിയത്.

