തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കർശന നിര്‍ദേശം നല്‍കി. ഓരോ മെഡിക്കല്‍ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം, 15 ദിവസത്തിനകം സെക്യൂരിറ്റി അലാറം സംവിധാനം സ്ഥാപിക്കണം, അറിയിപ്പ് നല്‍കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടന്‍ സ്ഥാപിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലുകളെടുക്കണം തുടങ്ങിയ നിർദേശങ്ങളും മന്ത്രി നൽകിയിട്ടുണ്ട്. മെഡിക്കല്‍ കോളജുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാനായി ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എല്ലാ മെഡിക്കല്‍ കോളജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
‘‘സുരക്ഷാ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണം. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിങ് റൂം ഒരുക്കണം. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തില്‍ 2 പേര്‍ മാത്രം. സാഹചര്യമനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം അധികമായി ഒരാളെക്കൂടി അനുവദിക്കാം. ആശുപത്രി സുരക്ഷയ്ക്കായി ഒരു നമ്പര്‍ എല്ലാവര്‍ക്കും നല്‍കുകയും പ്രദര്‍ശിപ്പിക്കുകയും വേണം. രോഗികളും ആശുപത്രി ജീവനക്കാരുമായി സൗഹാര്‍ദപരമായ അന്തരീക്ഷം ഉണ്ടാകണം. ആശുപത്രികളില്‍ ആക്രമണം ഉണ്ടായാല്‍ അത് തടയുന്നതിന് സുരക്ഷാ സംവിധാനം അടിയന്തരമായി പ്രവര്‍ത്തിക്കണം, സുരക്ഷ ഉറപ്പാക്കാനായി, ആശുപത്രിക്ക് അകത്തും പുറത്തും പോകാനായി ഏകവാതില്‍ സംവിധാനം വേണം. സുരക്ഷ ഉറപ്പാക്കാന്‍ വാക്കിടോക്കി സംവിധാനം ഏര്‍പ്പെടുത്തും. ഇടനാഴികളില്‍ വെളിച്ചവും സുരക്ഷാ സംവിധാനവും ഉറപ്പാക്കണം. സുരക്ഷാ ജീവനക്കാര്‍ പട്രോളിങ് നടത്തണം. മോക്‌ഡ്രില്‍ നടത്തി സുരക്ഷാ സംവിധാനം ഉറപ്പാക്കണം’’– മന്ത്രി പറഞ്ഞു.

