Wednesday, May 15, 2024
spot_img

ചെന്നൈയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തളർന്ന് വീണ് ദില്ലി;77 റൺസ് വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫിൽ

ദില്ലി : ദില്ലി ക്യാപിറ്റൽസിനെ 77 റൺസിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ പ്ലേ ഓഫിൽ കടന്നു.17 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈ പ്ലേ ഓഫിലെത്തിയത്. ചെന്നൈ ഉയർത്തിയ 224 എന്ന റൺ മല പിന്തുടർന്ന ദില്ലി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 146 റൺസിലെത്താനെ കഴിഞ്ഞുള്ളു.

ദില്ലിക്കായി ക്യാപ്റ്റൻ ഡേവിഡ് വാർണർ 58 പന്തിൽ 86 റൺസെടുത്ത് ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും പിന്തുണയ്ക്കാനായി ആരുമുണ്ടായില്ല.പൃഥ്വി ഷാ (ഏഴു പന്തിൽ അഞ്ച്), ഫിൽ സാൾട്ട് (ആറ് പന്തിൽ മൂന്ന്), റിലീ റൂസോ (പൂജ്യം) എന്നിവരെല്ലാം ഇന്ന് നിറം മങ്ങി.

26 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായ ദില്ലിയെ യാഷ് ദുലിനെ കൂട്ടുപിടിച്ചാണ് വാര്‍ണർ വൻ തകർച്ചയിൽ നിന്ന് ഉയർത്തിക്കൊണ്ട് വന്നത്. 15 പന്തിൽ 13 റണ്‍സെടുത്ത യാഷ് ദുലിനെ രവീന്ദ്ര ജഡേജ പുറത്താക്കി. അക്ഷർ പട്ടേൽ എട്ട് പന്തിൽ 15 റൺസുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ദീപക് ചാഹറിന്റെ പന്തിൽ ഋതുരാജ് ഗെയ്‍ക്‌വാദിന് പിടികൊടുത്ത് പുറത്തായി.

ഒൻപതാം തോൽവി വഴങ്ങിയ ‍ദില്ലിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനായി ദീപക് ചാഹർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മഹീഷ് തീക്ഷണ, മതീശ പതിരന എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും ഡെവോൺ കോണ്‍വെയും അർധ സെഞ്ചറി നേടി. 52 പന്തുകൾ നേരിട്ട കോൺവെ 87 റൺസെടുത്തു. 50 പന്തുകൾ നേരിട്ട ഋതുരാജ് ഗെയ്ക്‌വാദ് 79 റൺസെടുത്തു പുറത്തായി.

Related Articles

Latest Articles