Thursday, May 2, 2024
spot_img

ഖുർആനിൽ ആണിനും പെണ്ണിനും പറഞ്ഞിരിക്കുന്നത് വ്യത്യസ്‌ത ഓഹരി; തുല്യ സ്വത്തവകാശം നൽകുമെന്ന കുടുംബശ്രീ പ്രതിജ്‌ഞ ഇസ്‌ലാമികമല്ല; ഭരണഘടന മുസ്ലിങ്ങൾക്ക് നൽകിയ അവകാശങ്ങളിൽ കുടുംബശ്രീ കൈകടത്തുന്നു; കാലഘട്ടത്തിനു നിരക്കാത്ത വിചിത്ര വാദങ്ങളുമായി വീണ്ടും സമസ്തയുടെ ഫുട്ബാൾ വിരുദ്ധൻ നാസർ ഫൈസി കൂടത്തായി.

കോഴിക്കോട്: ആണിനും പെണ്ണിനും തുല്യ സ്വത്തവകാശം നൽകുമെന്ന കുടുംബശ്രീ പ്രതിജ്ഞക്കെതിരെ സമസ്ത. ജെൻഡർ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയില്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്ന വാചകമാണ് സമസ്ത നേതാവ് ചൂണ്ടിക്കാട്ടുന്നത്. സമസ്തയുടെ യുവജന വിഭാഗമായ എസ് വൈ എസിന്റെ സംസ്ഥാന സെക്രട്ടറിയായ നാസര്‍ ഫൈസി കൂടത്തായി ഫെയ്‌സ്ബുക്കിലൂടെയാണ് വിമർശനം നടത്തിയത്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ സിവില്‍ നിയമങ്ങള്‍ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നല്‍കുന്ന അവകാശം ഭരണഘടനയുടെ മൗലികതയില്‍പ്പെട്ടതാണെന്നും ഖുര്‍ആനില്‍ ആണിനും പെണ്ണിനും സ്വത്തവകാശത്തില്‍ വ്യത്യസ്ത ഓഹരികളാണ് പറയുന്നത്. ഈ വിശ്വാസത്തില്‍ ജീവിക്കുന്നവരുടെ മൗലിക അവകാശം നിഷേധിക്കുന്നതാണ് കുടുംബശ്രീയുടെ തുല്യ സ്വത്തവാകശം ആവശ്യപ്പെട്ടുള്ള പ്രതിജ്ഞയെന്നും , മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലര്‍ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യുമെന്നും നാസര്‍ ഫൈസി പറയുന്നു.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവമ്പര്‍ 25 മുതല്‍ ഡിസംബര്‍ 23 വരേ കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന പ്രതിജ്ഞയാണ് ഇപ്പോൾ സമസ്തയെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ നല്‍കുന്ന സര്‍ക്കുലറിലാണ് ഈ പ്രതിജ്ഞയുള്ളത്. എല്ലാ കുടുംബശ്രീയിലും ജന്‍ഡര്‍ റിസോഴ്‌സ് മീറ്റിലൂടെ പ്രതിജ്ഞ ചെയ്യാനുള്ള നിര്‍ദേശമുണ്ട്. പ്രതിജ്ഞയുടെ അവസാന ഭാഗത്തില്‍
‘നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും’ എന്ന വാചകം ഉൾപ്പെടുത്തിയതും അത് സ്ത്രീകളെകൊണ്ട് ചൊല്ലിക്കുന്നതിലുമാണ് സമസ്തയുടെ വിമർശനം. സ്ത്രീകളുടെ ജീവിത ചെലവുകൾ വഹിക്കുന്നത് പുരുഷനാണെന്നും അതുകൊണ്ടുതന്നെ തുല്യ സ്വത്തവകാശത്തിന് അർഹതയില്ലെന്നുമാണ് സമസ്ത വാദിക്കുന്നത്

കേരളത്തിലെ യുവാക്കൾക്കിടയിൽ ഫുട്ബാൾ താരങ്ങളോടുള്ള ആരാധന വർധിക്കുകയാണ്. ഇത് ഏക ദൈവ വിശ്വാസത്തിനും ഇസ്ലാമിനും എതിരാണെന്ന് നേരത്തെ ഇയാൾ പ്രസ്താവന നടത്തിയിരുന്നു. ലോക കപ്പ് നടക്കുന്ന സമയത്ത് ഈ പ്രസ്താവന വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. സമസ്തയുടെ വേദിയിൽ നിന്ന് ഒരു പെൺകുട്ടിയെ അപമാനിച്ച് ഇറക്കിവിട്ടതും കേരളം കണ്ടിട്ടുള്ളതാണ്.

Related Articles

Latest Articles