Wednesday, December 24, 2025

ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍ നാളെ മുതല്‍; പ്രകടന പത്രികയിലെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ രണ്ടര രൂപയ്ക്കു നല്‍കുന്ന സുവിധ പാഡുകളാണ് ഒരു രൂപയ്ക്കു നല്‍കുകയെന്ന് കേന്ദ്ര സഹമന്ത്രി മന്‍സുഖ് മണ്ഡാവിയ വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമായിത്തുടങ്ങും. നാലു പാഡുകള്‍ അടങ്ങിയ പാക്ക് ആയിരിക്കും വില്‍പ്പനയ്‌ക്കെത്തുക. നിലവില്‍ പത്തു രൂപയ്ക്കു വില്‍ക്കുന്ന ഇത് നാലു രൂപയ്ക്കു ലഭിക്കും. രാജ്യത്തെങ്ങുമുള്ള 5,500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് മണ്ഡാവിയ പറഞ്ഞു. അറുപതു ശതമാനമാണ് നാപ്കിനുകള്‍ക്കു വില കുറയ്ക്കുന്നത്. നിലവില്‍ ഉത്പാദന ചെലവു മാത്രം വിലയിട്ടാണ് നാപ്കിനുകള്‍ വില്‍ക്കുന്നത്.

വ്യക്തി ശുചിത്വ സാമഗ്രികളുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles

Latest Articles