Wednesday, May 15, 2024
spot_img

ആദ്യ മത്സരം വിജയത്തോടെ തുടങ്ങി സഞ്ജു സാംസണും രാജസ്ഥാനും ! ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോൽപ്പിച്ചത് 20 റൺസിന്

സീസണിലെ ആദ്യ മത്സരം വിജയത്തോടെ തുടങ്ങി സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 20 റൺസിന്റെ വിജയമാണ് ടീം നേടിയത്. നായകൻ സഞ്ജു സാംസന്റെ (52 പന്തില്‍ പുറത്താവാതെ 82) വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിലാണ് ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റൺസ് എന്ന വമ്പൻ സ്‌കോർ അടിച്ചെടുത്തത്. വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കെ എല്‍ രാഹുല്‍ (44 പന്തില്‍ 58), നിക്കൊളാസ് പുരാന്‍ (41 പന്തില്‍ പുറത്താവാതെ 64) എന്നിവർ പൊരുതിയെങ്കിലും വിജയ തീരം ഏറെ അകലെയായിരുന്നു. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിന്റെ തുടക്കം മോശമായിരുന്നു. 11 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ആദ്യ മൂന്ന് വിക്കറ്റ് നഷ്ടമായി. ക്വിന്റണ്‍ ഡി കോക്ക് (4), ദേവ്ദത്ത് പടിക്കല്‍ (0), ആയുഷ് ബദോനി (1) എന്നിവരാണ് മടങ്ങിയത്. പിന്നീട് ദീപക് ഹൂഡ (26) – രാഹുല്‍ സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൂഡയെ പുറത്താക്കി ചാഹല്‍ ലഖ്‌നൗവിനെ ഞെട്ടിച്ചു. പിന്നീട് ക്രീസിൽ ഒന്നിച്ച രാഹുല്‍ – പുരാന്‍ സഖ്യം ലഖ്‌നൗവിന് വിജയം പ്രതീക്ഷ നൽകി. സഖ്യം 85 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ രാഹുലിനെ പുറത്താക്കി സന്ദീപ് ശർമ്മ മത്സരം രാജസ്ഥാന് അനുകൂലമാക്കി. പുറത്ത്. തുടര്‍ന്നെത്തിയ മാര്‍കസ് സ്റ്റോയിനിസിനെ (3) അശ്വിനും തിരിച്ചയച്ചു. പുരാനൊപ്പം ക്രുനാല്‍ പാണ്ഡ്യ (3) പുറത്താവാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ സഞ്ജുവിന് പുറമെ യശസ്വി ജയ്സ്വാൾ (12 പന്തിൽ 24), ധ്രുവ് ജുറെൽ (12 പന്തിൽ 20), റിയാൻ പരാഗ് (29 പന്തിൽ 43) എന്നിവരുടെ പ്രകടന മികവിലാണ് മികച്ച സ്കോറിലെത്തിയത്. തുടക്കത്തിൽ തന്നെ 11 റൺസെടുത്ത ജോസ് ബട്‍ലറെ നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ ആദ്യത്തെ ഞെട്ടലിൽ നിന്ന് രാജസ്ഥാൻ ഉയത്തെഴുന്നേൽക്കുകയായിരുന്നു. ടോസ് നേടിയ രാജസ്ഥാൻ ഹോം ഗ്രൗണ്ടിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

സഞ്ജുവും ജയ്സ്വാളും നിലയുറപ്പിച്ചതോടെ രാജസ്ഥാൻ സ്കോർ ഉയർന്നു. സ്കോർ 49 ൽ നിൽക്കെ യശസ്വി ജയ്സ്വാളിനെ മുഹ്സിൻ ഖാന്‍ പുറത്താക്കി. തുടർന്നിറങ്ങിയ റിയാൻ പരാഗ് വമ്പനടി നയം തുടർന്നതോടെ 64 പന്തുകളിൽ രാജസ്ഥാൻ 100 പിന്നിട്ടു. നവീൻ ഉൾ ഹഖിന്റെ പന്തിൽ പകരക്കാരൻ ഹൂഡ ക്യാച്ചെടുത്താണ് പരാഗ് മടങ്ങിയത്. 33 പന്തുകളിൽ സഞ്ജു അർധ സെഞ്ചറി തികച്ചു. വെസ്റ്റിന്‍‍ഡീസ് താരം ഷിമ്രോൺ ഹെറ്റ്മിയർ (അഞ്ച് റൺസ്) നിരാശപ്പെടുത്തി. എന്നാൽ അവസാന നാല് ഓവറുകളിൽ 50 റൺസെടുക്കാൻ മാത്രമാണു രാജസ്ഥാൻ താരങ്ങൾക്കു സാധിച്ചത്. മറിച്ചായിരുന്നുവെങ്കിൽ സ്‌കോർ 200 കടക്കുമായിരുന്നു .

Related Articles

Latest Articles