ദില്ലി: കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ. രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം നൂറ് കോടി മറികടന്ന സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ് എം പി ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. “ഇത് രാജ്യത്തിന് ആകെ അഭിമാനമാണെന്നും” അദ്ദേഹം പറഞ്ഞു.
ഈ നേട്ടം നമുക്കെല്ലാവർക്കും അഭിമാനകരമാണ്. ഇതിന്റെ ക്രെഡിറ്റ് നമുക്ക് സർക്കാരിന് നൽകാം. രണ്ടാം തരംഗവുമായി ബന്ധപ്പെട്ട വീഴ്ചകളും പോരായ്മകളും കേന്ദ്ര സർക്കാർ മറികടന്നിരിക്കുകയാണെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
2021 ജനുവരി 16 ന് രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിലാണ് രാജ്യം 100 കോടി പേർക്ക് വാക്സിൻ വിതരണം പൂർത്തിയാക്കുന്നത്.
അതേസമയം നൂറ് കോടി ഡോസ് വാക്സിൻ നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞിരുന്നു.
‘ഇന്ത്യ ചരിത്രം രചിച്ചിരിക്കുകയാണ്. ഇന്ത്യൻ ശാസ്ത്ര മേഖലയുടെയും ദൃഢനിശ്ചയത്തിന്റെയും 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ആത്മവിശ്വാസത്തിന്റെയും വിജയത്തിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ മേഖലയിലെ എല്ലാവർക്കും നന്ദി അറിയിക്കുന്നു’ ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

