Thursday, January 1, 2026

സൗദിയിലെ ഡ്രോണ്‍ ആക്രമണം- പിന്നില്‍ ഇറാനെന്ന് ട്രംപ്, അമേരിക്കന്‍ ആരോപണങ്ങളില്‍ അറബ് മേഖലയില്‍ അശാന്തി പടരുന്നു

സൗദിഅറേബ്യ- സൗദിയിലെ ആരാംകോ എണ്ണപ്ലാന്റുകളില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പറഞ്ഞു.

ശനിയാഴ്ച രാവിലേ നാലുമണിയോടെയായിരുന്നു സൗദിയില്‍ ആക്രമണമുണ്ടായത്. സൗദിയുടെ കിഴക്കന്‍ മേഖലയായ ദമാമിനടുത്ത അബ്ഖുയൈഖ്, ഹിജ്റാത് ഖുറൈയ്സ് എണ്ണപ്പാടം എന്നിവിടങ്ങളിലായിരുന്നു ബോംബുകള്‍ ഘടിപ്പിച്ച പത്തു ഡ്രോണുകള്‍ ഉപയോഗിച്ച് യെമന്‍ ഹൂതി വിമതര്‍ ആക്രമണം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ശുദ്ധീകരണശാലയായിരുന്നു സൗദിയിലുള്ള അബ്ഖുയൈഖ് ആരാംകോ എണ്ണശുദ്ധീകരണശാല.

യെമനിലെ ഈ വിമതഗ്രൂപ്പുകള്‍ക്ക് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും പറയുന്നത്. ഈ ആക്രമണത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നിരുന്നു തിങ്കളാഴ്ച എണ്ണവിലയില്‍ പത്തു ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായത്.

അമേരിക്കയിലെ അനേകം മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും ഇറാന്‍ ആണ് ഈ ആക്രമണത്തിനു പിന്നിലെന്ന് പരസ്യപ്രസ്താവനയിറക്കിയിരുന്നു. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ ഉള്‍പ്പെടെ ഇറാനെതിരേ ശക്തമായ പ്രസ്താവനയിറക്കിയിരുന്നു. അതിനു ശേഷമാണ് ഇറാാനെതിരേ അമേരിക്കന്‍ പ്രസിഡന്റ് തന്നെ മുന്നോട്ടുവന്നത്. സൌദി അറേബ്യയ്‌ക്കൊപ്പം യു എ ഇ, ബഹ്റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും ഇറാനെതിരേ പ്രസ്താവനയിറക്കിയിരുന്നു.

ഈ ആക്രമണത്തിനെതിരേ തിരിച്ചടിയ്ക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ടെന്നും ആ മാര്‍ഗ്ഗങ്ങള്‍ പരിശോധിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഞങ്ങള്‍ സൌദി അറേബ്യയുടെ മറുപടിയ്ക്കായി കാത്തിരിയ്ക്കുകയാണ്. ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ഇറാന്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. യെമനിലെ വിമതര്‍ സൗദിയുടെ ആക്രമണങ്ങള്‍ക്കെതിരേ തിരിച്ചടിച്ചതാണെന്നും ഇറാന് അതില്‍ ഒരു പങ്കുമില്ലെന്നുമാണ് ഇറാന്റെ ഭാഷ്യം.

ശക്തമായ നടപടികളുമായി അമേരിക്ക മുന്നോട്ടുപോവുകയാണെങ്കില്‍ മറ്റൊരു ആഗോളചേരിതിരിവാകുമുണ്ടാവുകയെന്നും, ഈ വിഷയത്തില്‍ റഷ്യ എന്ത് നിലപാടെടുക്കും എന്നതിനെ ആശ്രയിച്ച് പ്രശ്‌നങ്ങള്‍ കൂടൂതല്‍ ഗുരുതരമാകാന്‍ സാദ്ധ്യതയുണ്ടെന്നും നയതന്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അടുത്ത കാലത്ത് സിറിയയില്‍ റഷ്യയും ഇറാനും പഴയകാല വൈരം മാറ്റിവച്ച് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. മാത്രമല്ല ഇറാനും റഷ്യയുമായി അടുത്തിടെ നല്ല കച്ചവടബന്ധങ്ങളുമുണ്ട്. എന്നാല്‍ റഷ്യയും ഇറാന്റെ എക്കാലത്തേയും ശത്രുവായ ഇസ്രേയലുമായും നല്ല ബന്ധമാണുള്ളത്.

അമേരിക്ക സൈനികനടപടിയിലേക്ക് പോവുകയാണെങ്കില്‍ ഈ ചേരിതിരിവുകളെല്ലാം നിര്‍ണ്ണായകമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Latest Articles