Thursday, January 1, 2026

സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസ് ! നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക് റഹീം പ്രതിയായ കേസിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ബുധനാഴ്ചയും ജയസൂര്യയെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് നടനെ ചോദ്യംചെയ്യുന്നത്. ജയസൂര്യയ്‌ക്കൊപ്പം ഭാര്യ സരിതയും ഇഡി ഓഫീസിലെത്തിയിട്ടുണ്ട്. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നടൻ ജയൻസൂര്യയുമായി കരാറിലേർപ്പെട്ടിരുന്നതായാണ് ഇഡി വൃത്തങ്ങൾ നൽകുന്നവിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു.

രണ്ടുവർഷം മുൻപ് ഏറെവിവാദമായ കേസാണ് ‘സേവ് ബോക്‌സ്’ ആപ്പ് തട്ടിപ്പ്. ഓൺലൈൻ ലേല ആപ്പായ ‘സേവ് ബോക്‌സി’ന്റെ ഫ്രൊഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. കേസിൽ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശ്ശൂർ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഈ കേസിലാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഓൺലൈൻ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്സ്. ഇതേപേരിൽ മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞവിലയിൽ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തിൽ പങ്കെടുക്കാനായി സേവ് ബോക്സ് നൽകുന്ന വിർച്വൽ കോയിനുകൾ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകൾ ഉപയോഗിച്ചായിരുന്നു ലേലം. സേവ് ബോക്‌സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്ദാനംചെയ്താണ് സ്വാതിഖ് റഹീം പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയത്

Related Articles

Latest Articles