രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നതായി എഡിജിപി വിജയ് സാഖറെ. കൊലപാതകം നടത്തി ഇതര സംസ്ഥാനങ്ങളിലേക്ക് കടക്കുന്നതാണ് എസ്ഡിപിഐ രീതിയെന്ന് ക്രമസമാധാന ചുമതലയുളള വിജയ് സാഖറെ വ്യക്തമാക്കി. പാലക്കാടും ആലപ്പുഴയിലും നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും രാഷ്ട്രീയ പകയും കൊലപാതകങ്ങളും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുന്നുണ്ടെന്നെന്നും (ADGP) എഡിജിപി പറഞ്ഞു.
കൊലപാതകങ്ങള്‍ നടക്കുമെന്ന് പൊലീസിന് പോലും ഒരു സൂചനയും ലഭിച്ചില്ല. ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന്റെ വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ തടയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃത്യത്തിന് ശേഷം പ്രതികൾ മൊബൈൽ ഉപയോഗിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. പോലീസിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് എഡിജിപി പ്രതികരണവുമായി രംഗത്തെത്തിയത്. കിഴക്കമ്പലത്തെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് കരുതിക്കൂട്ടിയാണെന്ന് തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

