Sunday, May 5, 2024
spot_img

“പോലീസിൽ മാത്രമല്ല, ആർഎസ്എസ്സുകാർ രാജ്യം മുഴുവൻ നിറഞ്ഞു നിൽപ്പുണ്ട്”; കോടിയേരിക്ക് കെ.സുരേന്ദ്രന്റെ മാസ്സ് മറുപടി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് (Kodiyeri Balakrishnan) കെ.സുരേന്ദ്രന്റെ ചുട്ടമറുപടി. രഞ്ജിത് കൊലപാതകക്കേസ് എൻഐഎയ്‌ക്ക് കൈമാറണമെന്ന് മാധ്യമങ്ങളോട് പറയവെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. കേസ് എൻഐഎക്ക് കൈമാറിയാൽ 24 മണിക്കൂറിനകം പ്രതികളെ പിടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കെ.സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ:

“പോലീസിന്റെ നിസ്സഹായത എഡിജിപി തന്നെ തുറന്ന് പറഞ്ഞു. എഡിജിപിയുടെ വാക്കുകൾ പോലീസിന്റെ കുറ്റസമ്മതമാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയത്തിന് തെളിവാണിത്. പ്രതികൾ സംസ്ഥാനം വിട്ടത് ഗൗരവം ഉള്ള കാര്യം. പോലീസ് ഇരുട്ടിൽ തപ്പുകയാണ്. കേസിലെ ഭീകരവാദ സാന്നിദ്ധ്യം തെളിയിക്കാൻ പോലീസിന് കഴിയില്ല. പോലീസും സർക്കാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണ്. അതോടൊപ്പം ആലപ്പുഴയിലെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും എസ്ഡിപിഐക്കാരെ സഹായിക്കുകയാണ്. രഞ്ജിത് വധത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവർ കൃത്യത്തിൽ പങ്കെടുത്തവരല്ല. കേസിലെ പ്രതികളെ പിടികൂടാൻ അന്നേ ദിവസം പോലീസിന്റെ ഭാഗത്തുനിന്നും ഒരു പരിശോധനയും ഉണ്ടായില്ല. മത ഭീകരവാദികളെ പോലീസ് കൈ അയച്ചാണ് സഹായിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.

അതേസമയം രാഷ്‌ട്രീയ കാരണത്താൽ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കാനാണ് തീരുമാനമെങ്കിൽ ആഭ്യന്തര മന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും വീടിന് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ആർഎസ്എസിനേയും പോപ്പുലർ ഫ്രണ്ടിനേയും തമ്മിൽ ഉപമിക്കരുത്. ഷാൻ വധക്കേസിൽ നിരപരാധികളെയാണ് ക്രൂശിക്കുന്നത്. ആർഎസ്എസ്‌കാർ പോലീസിൽ മാത്രമല്ല രാജ്യം മുഴുവൻ നിറഞ്ഞ് നിൽക്കുന്നുണ്ട്. ആർഎസ്എസ്‌കാർ പോലീസിലുണ്ടെന്ന് കോടിയേരിക്ക് അറിയാത്ത കാര്യമല്ല. എന്നാൽ എസ്ഡിപിഐ തീവ്രവാദികൾ പോലീസിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണം. പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ പോലീസിന് കയറാൻ കഴിയില്ലെങ്കിൽ പട്ടാളത്തെ ആവശ്യപ്പെടണം. പോപ്പുലർ ഫ്രണ്ട് കൊലയാളികൾക്ക് പോലീസാണ് ഊർജ്ജം നൽകുന്നത് എന്നും അദ്ദേഹം തുറന്നടിച്ചു.

Related Articles

Latest Articles