ചെന്നൈ :ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. തമിഴ്നാടും കർണാടകയും അടക്കം 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വെല്ലൂർ ഒഴികെയുള്ള തമിഴ്‌നാട്ടില്‍ 38 ലോക്സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖര്‍ തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തി.
സിനിമാ രംഗത്ത് നിന്ന് രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്ത് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.10ഓടെ തന്നെ ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിങ്ങ് ബൂത്തിലെത്തിയാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈ സെൻഡ്രൽ മണ്ഡലത്തിലെ വോട്ടറാണ് രജനികാന്ത്.
തമിഴ്നാട്ടിലെ വെല്ലൂരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനാൽ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലും മാത്രമാണ് വോട്ടെടുപ്പ് നടക്കുക. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖിൽ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്‍ലി, ഹേമമാലിനി, അൻപുമണി രാംദോസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, പൊൻ രാധാകൃഷ്ണൻ, കനിമൊഴി തുടങ്ങിയ നേതാക്കൾ ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.

