Tuesday, December 23, 2025

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി. ലുബ്ലിനിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ മാറ്റ്യൂസ് ഡബ്ല്യു ആണ് പിടിയിലായത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും പൊതുസ്ഥലത്ത് സ്ഫോടനം നടത്താനും ഇയാൾ പദ്ധതിയിട്ടിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നവംബർ 30-ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി മൂന്ന് മാസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.

പ്രതിയുടെ താമസസ്ഥലങ്ങളിലും ലുബ്ലിൻ പ്രവിശ്യയിലെ വിവിധ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ നിർണ്ണായകമായ തെളിവുകൾ കണ്ടെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും സ്ഫോടകവസ്തുക്കളെ കൈമാര്യം ചെയ്യുന്ന രീതികൾ വിശദീകരിക്കുന്ന രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് പ്രതിനിധികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും ആക്രമണം നടത്തേണ്ട രീതികളെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നതായും നാഷണൽ പ്രോസിക്യൂട്ടർ ഓഫീസിലെ ഉദ്യോഗസ്ഥയായ കാതർസീന കലോ-ജഷെവ്സ്ക അറിയിച്ചു. പത്തുമുതൽ ഇരുപതുവരെ ആളുകൾ ഒത്തുകൂടുന്ന പൊതുസ്ഥലത്ത് ആക്രമണം നടത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പോളണ്ടിലെ ഒരു സാധാരണ കത്തോലിക്കാ കുടുംബത്തിൽ നിന്നുള്ള യുവാവാണ് മാറ്റ്യൂസ് എന്ന് പ്രത്യേക സുരക്ഷാ വിഭാഗം വക്താവ് ജാസെക് ഡോബ്രിൻസ്കി വ്യക്തമാക്കി. തീവ്രവാദ ആശയങ്ങളോട് ഇയാൾക്കുണ്ടായിരുന്ന അമിതമായ താൽപ്പര്യമാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ക്രിസ്മസ് വിപണികളെക്കുറിച്ചുള്ള പരാമർശങ്ങൾ ഇയാളുടെ സംഭാഷണങ്ങളിൽ ഉണ്ടായിരുന്നെങ്കിലും, ജനങ്ങൾക്കിടയിൽ ഭീതി പടരാതിരിക്കാൻ ആക്രമണം ലക്ഷ്യമിട്ട കൃത്യമായ സ്ഥലം വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല. സുരക്ഷാ ഏജൻസികളുടെ കൃത്യസമയത്തുള്ള ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കിയെന്ന് ഭരണകൂടം അറിയിച്ചു.

സംഭവത്തെത്തുടർന്ന് കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് ലുബ്ലിൻ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. കേസിന്റെ ഗൗരവം പരിഗണിച്ച് ഇയാളെ സർവകലാശാലയിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. യൂറോപ്പിലെ ക്രിസ്മസ് വിപണികൾക്ക് നേരെ മുൻപും തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ രാജ്യമൊട്ടാകെ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ജർമ്മനിയിലും സമാനമായ രീതിയിൽ ആക്രമണത്തിന് പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയിരുന്നു.

Related Articles

Latest Articles