ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാം ജില്ലയിലെ നവ്‌പോറ മിർ ബസാറിലാണ് സംഭവം. ലഷ്‌കർ ഇ ത്വായ്ബ ഭീകരരെയാണ് സൈന്യം വകവരുത്തിയത്.
വാങ്കണ്ട് സ്വദേശി യാസിർ വാനി, ഛോട്ടിപോറ സ്വദേശി റയീസ് മൻസൂർ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. എകെ 47 റൈഫിൾ, പിസ്റ്റൾ എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
മിർ ബസാറിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. തിരച്ചിലിനിടെ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അമർനാഥ് യാത്ര നടത്താനിരിക്കുന്ന പ്രദേശത്ത് നിന്നും നാല് കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടലുണ്ടായത് എന്ന് കശ്മീർ ഐജിപി വിജയ് കുമാർ പറഞ്ഞു.

