Saturday, December 20, 2025

അഴിക്കും തോറും മുറുകുന്ന ദുരൂഹതകൾ; നേപ്പാൾ അതിർത്തി കടക്കാൻ സീമ ഹൈദർ ഉപയോഗിച്ചത് പ്രീതി എന്ന കള്ളപ്പേര് ; ആധാർ കാർഡും ഹാജരാക്കി; വെളിപ്പെടുത്തലുമായി ബസ് സർവീസിന്റെ മാനേജർ

ദില്ലി : കാമുകനൊപ്പം കഴിയാൻ നേപ്പാൾ അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലെത്തി, ഗ്രെറ്റർ നോയിഡയിലെ രബുപുരയിൽ വാടകയ്ക്ക് താമസിച്ചു വരവേ പിടിയിലായ പാകിസ്ഥാൻ വനിത സീമ ഹൈദർ നേപ്പാൾ അതിർത്തി കടക്കാൻ പ്രീതി എന്ന കള്ള പേര് ഉപയോഗിച്ചതായി കണ്ടെത്തി. നേപ്പാളിലെ പൊഖാറയിൽനിന്ന് ഇന്ത്യയിലേക്ക് എത്താൻ ഇവർ ഉപയോഗിച്ച ബസ് സർവീസിന്റെ മാനേജറാണ് വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. താൻ ഇന്ത്യൻ പൗരയാണെന്നു അവകാശപ്പെട്ട സീമ ആധാർ കാർഡും കാണിച്ചതായി സൃഷ്ടി ബസ് സർവീസ് മാനേജർ പ്രസന്ന ഗൗതം പറഞ്ഞു.

നാല് ടിക്കറ്റുകളാണു സീമ ബുക്ക് ചെയ്തിരുന്നത്. ടിക്കറ്റിനുള്ള പണം തികയാത്തതിനാൽ സീമ സ്ഥാപനത്തിലെ വൈഫൈ ഉപയോഗിച്ച് ഇന്ത്യയിലെ ഒരു സുഹൃത്തിനെ വിളിക്കുകയും ടിക്കറ്റിന്റെ ബാക്കി പണം യുപിഐ വഴി വാങ്ങുകയും ചെയ്തിരുന്നു. 6000 നേപ്പാള്‍ രൂപ ( ഇത് 3750 ഇന്ത്യൻ രൂപയോളം വരും) സുഹൃത്ത് യുപിഐ വഴി നൽകുകയായിരുന്നു. പൊഖാറയിൽനിന്ന് ഗ്രേറ്റർ നോയിഡയിലേക്കു യാത്ര ചെയ്യാൻ സീമ 12,000 നേപ്പാള്‍ രൂപയാണ് അടച്ചത്.

അതേസമയം സീമയും കാമുകൻ സച്ചിനും മാർച്ചിൽ കഠ്മണ്ഡുവിൽ ഒരു ഹോട്ടലിൽ തങ്ങിയിരുന്നു. എന്നാൽ ചട്ട പ്രകാരം ഹാജരാക്കേണ്ട യാതൊരുവിധ രേഖകളും ഇരുവരും ഹാജരാക്കിയിരുന്നില്ലെന്ന് ഹോട്ടൽ റിസപ്ഷനിസ്റ്റ് വെളിപ്പെടുത്തി. രജിസ്റ്ററില്‍ പേര് എഴുതിയെങ്കിലും പിന്നീട് രജിസ്റ്റർ പരിശോധിച്ചപ്പോൾ ഇവരുടെ പേരുകൾ കാണാൻ കഴിഞ്ഞില്ല. മുറി ബുക്ക് ചെയ്ത സമയത്ത് വ്യാജ പേരുകളായിരിക്കാം ഇരുവരും നൽകിയതെന്നാണ് സംശയം.

Related Articles

Latest Articles