പീരുമേട്ടിലെ വനവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പീരുമേട് തോട്ടാപ്പുര സ്വദേശി സീതയുടെ (42) മരണമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതമെന്ന് തെളിഞ്ഞത്. കാട്ടാനയാക്രമണത്തിലാണ് സീത മരിച്ചത് എന്നായിരുന്നു ഭർത്താവ് ബിനു മറ്റുള്ളവരോടും ആശുപത്രി ജീവനക്കാരോടും പറഞ്ഞിരുന്നത്. കാട്ടാനയാക്രമണത്തിലാണ് സീത കൊല്ലപ്പെട്ടത് എന്ന് തെറ്റിദ്ധരിച്ച നാട്ടുകാര്‍ ഇന്നലെ പീരുമേട്ടില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് പോലീസിന് സംശയങ്ങള്‍ ബലപ്പെട്ടത്.
ശരീരത്തിൽ മല്‍പിടിത്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും തല പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തിൽ വ്യക്തമായി. കൊലപാതകത്തെ കാട്ടാനയാക്രമണമായി ചിത്രീകരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് ബിനുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. സീതയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ് ബിനു. ഭാര്യ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇയാൾ തന്നെയാണ് വനപാലകരെ അറിയിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനാണ് സീതയും മക്കളായ സജുമോന്‍, അജിമോന്‍ എന്നിവരും ഒന്നിച്ച് കാടിനുള്ളിലേക്ക് പോയതെന്നും അവിടെവെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് ബിനു പറഞ്ഞത്.
ബിനുവിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവെച്ച് ആനയുടെ ആക്രമണത്തെപ്പറ്റിയെല്ലാം ബിനു മാദ്ധ്യമങ്ങളോട് വിവരിച്ചിരുന്നു.
സീതയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലത്തുണ്ടായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ സമ്മര്‍ദം മൂലം പോസ്റ്റുമോര്‍ട്ടം പീരുമേട്ടില്‍ തന്നെ നടത്തുകയായിരുന്നു. ഒടുവിൽ പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പോലീസിന്റെ സംശയം സത്യമാണെന്ന് തെളിക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
മൃഗീയമായ മര്‍ദനമേറ്റാണ് സീത കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സീതയുടെ തല പലതവണ പരുക്കനായ പ്രതലത്തില്‍ ഇടിച്ചതായി വ്യക്തമായി. ഇടതുവശത്തെ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയിട്ടുണ്ട്. ഉയരമുള്ള സ്ഥലത്തുനിന്നും താഴേക്ക് വീണതിന് സമാനമായ പരിക്കുകളും സീതയുടെ ശരീരത്തിലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴുത്തിലും കൈകളിലുമെല്ലാം മല്‍പിടിത്തം നടന്നതിന്റെ പാടുകളുണ്ട്. സീതയെ ബിനു കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കാവുന്ന കാര്യങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് പോലീസ് പറയുന്നു.

