പത്തനംതിട്ട: പത്തനംതിട്ട സീതത്തോടിൽ ഒഴുകിയെത്തിയ കാട്ടുതടി പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമൺപാറ സ്വദേശികളായ രാഹുൽ, വിപിൻ, നിഖിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലവെള്ളപ്പാച്ചിലിൽ സീതത്തോടിലേക്ക് ഒഴുകി വന്ന തടിയുടെ മുകളിൽ കയറി യുവാക്കൾ ദൃശ്യങ്ങൾ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ യുവാക്കൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
അറസ്റ്റിന് ശേഷം മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തും അറസ്റ്റ് ചെയ്തതും. കനത്ത മഴ കാരണം തിങ്കളാഴ്ച ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.
ജില്ലയിൽ മഴ ശക്തമായതിന് പിന്നാലെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. തുടർന്നാണ് സീതത്തോടിൽ കുത്തിയൊലിച്ചു വന്ന മലവെള്ളത്തിലേക്ക് ചാടിയിറങ്ങി ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി കേറിയതും വീഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും.

