Friday, May 3, 2024
spot_img

ക്ഷേത്രങ്ങൾ പിടിച്ചെടുക്കൽ; സർക്കാരിൻ്റെയും മലബാർ ദേവസ്വം ബോർഡിൻ്റെയും നടപടികൾക്കെതിരെ വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭത്തിലേക്ക്

കൊച്ചി: ഹിന്ദു ക്ഷേത്രങ്ങൾ പൊതു സ്ഥാപനങ്ങളാണെന്നു വരുത്തി തീർത്ത് പിടിച്ചെടുക്കുന്ന സർക്കാരിൻ്റെയും മലബാർ ദേവസ്വം ബോർഡിൻ്റെയും നടപടികൾക്കെതിരെ പ്രതിരോധം തീർക്കാൻ തയ്യാറെടുത്ത് വിശ്വഹിന്ദു പരിഷത്ത്.

‘നാളിതുവരെ നിരവധി ക്ഷേത്രങ്ങൾ ഏകപക്ഷീയമായി സർക്കാർ പിടിച്ചെടുത്തു കഴിഞ്ഞു. ഇന്നു തന്നെ മലബാറിലെ രണ്ട് ക്ഷേത്രങ്ങൾ പാർട്ടിയുടെയും പോലീസിന്റെയും സഹായത്തോടെ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ഭക്തരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് മടങ്ങി പോകേണ്ടി വന്നു. സുപ്രീം കോടതിയിലുൾപ്പടെ കേസുകൾ നിലനിൽക്കെ അതിനെ വെല്ലുവിളിച്ച് പോലീസ് സഹായത്തോടെ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്ന മലബാർ ദേവസ്വം ബോർഡിൻ്റെ നടപടിയെ തടയാനും വേണ്ടി വന്നാൽ പിടിച്ചെടുത്ത ക്ഷേത്രങ്ങൾ തിരികെ പിടിക്കാനും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ തയ്യാറാകും. അപ്രകാരമുണ്ടാകുന്ന അനിഷ്ഠ സംഭവങ്ങളിൽ ഉത്തരവാദിത്വം സർക്കാരിനു മാത്രമായിരിക്കും’- വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻറ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും പറഞ്ഞു.

‘ആരാധനാലയങ്ങളെ പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന രീതിയിൽ നടക്കുന്ന പാർട്ടി സമ്മേളന നാളുകളിൽ തന്നെ  ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്ന നടപടി തീർത്തും തെറ്റാണ്. സമുദായ സംഘടനകളുടെയും കുടുംബ ട്രസ്റ്റുകളുടേയും നിയന്തണത്തിലുള്ള ക്ഷേത്രങ്ങളും പിടിച്ചെടുക്കൽ ഭീഷണിയുടെ നിഴലിലാണ്. വഖഫ് ബോർഡ് നിയമനങ്ങളിൽ മുസ്ലീം സംഘടനകളുമായി ചർച്ച നടത്തുന്ന മുഖ്യമന്ത്രി ഹിന്ദു മതത്തിൻ്റെ പ്രശ്നങ്ങളിൽ കാണിക്കുന്ന അനാസ്ഥ പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു’- വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു

ഭാരതത്തിലെ പല സംസ്ഥാന സർക്കാരുകളും ക്ഷേത്രഭരണം ഭക്തജനങ്ങൾക്ക് തിരികെ നൽകുമ്പോൾ കേരളം അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് ക്ഷേത്ര സ്വത്തുക്കളിൽ കണ്ണു വെച്ചാണ് എന്നും ആചാരാനുഷ്ഠാനങ്ങളിൽ വിശ്വാസമില്ലെന്ന് പരസ്യ നിലപാട് എടുത്ത ദേവസ്വം മന്ത്രിയും ആചാര ലംഘനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ദേവസ്വം ബോർഡുകളും ഭക്തജനങ്ങളെ തെരുവിലറക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നും വി എച്ച് പി ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് വിശ്വഹിന്ദു പരിഷത്ത് നിവേദനം നൽകി കഴിഞ്ഞു. ഇനിയുള്ള നാളുകളിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ശക്തമായ പ്രതിരോധം തീർത്ത് ആരാധനാലയങ്ങളെ സംരക്ഷിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻറ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും പറഞ്ഞു.

Related Articles

Latest Articles