തിരുവനന്തപുരം: പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവേ കടലിൽ വീണ് യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം ആഴിമല കടൽ തീരത്ത് പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കവേ തിരയടിച്ചാണ് യുവാവ് കടലിൽ വീണ് മരിച്ചത്. പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്റെയും ഗീതയുടെയും മകൻ ജ്യോതിഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം നടന്നത്.
ആഴിമല ശിവക്ഷേത്രത്തിൽ 21 അംഗ തീർത്ഥാടക സംഘത്തോടൊപ്പം ദർശനത്തിന് എത്തിയതായിരുന്നു ജ്യോതിഷ്. ദർശനത്തിന് ശേഷം ജ്യോതിഷും സ്ത്രീകളുമുൾപ്പെട്ട 21 അംഗ സംഘം കടൽ തീരത്തേക്ക് പോകാനായി താഴത്തെ പാറക്കെട്ടുകളിലെത്തി. ഇവിടം അപകടമേഖല ആയതിനാൽ ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതെല്ലം അവഗണിച്ചാണ് സംഘം മുന്നോട്ട് പോയത്.തുടർന്ന് ഇവിടെ നിന്ന് സെൽഫിയെടുക്കുന്നതിനിടെ തിരമാല അടിച്ചുകയറുകയും യുവാവ് കാൽ വഴുതി കടലിലേക്ക് വീഴുകയുമായിരുന്നു.
ജ്യോതിഷ് കടലിലേക്ക് വീഴുന്നത് കണ്ട് കൂടെയുള്ള സംഘത്തിലെ ആളുകൾ നിലവിളിച്ചതോടെയാണ് ലൈഫ് ഗാർഡുകൾ അടക്കമുള്ളവർ സംഭവമറിഞ്ഞത്. തുടർന്ന് എഎസ്ഐ അജിത്, സിപിഒ പ്രസൂൺ കോസ്റ്റൽ വാർഡന്മാരായ സുനീറ്റ്, സിൽവസ്റ്റർ, സാദിഖ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പട്രോളിങ് ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചലിൽ അടിമലത്തുറ ഫാത്തിമമാത പള്ളിക്ക് സമീപ൦ കടലിൽ യുവാവ് ഒഴുകിപ്പോകുന്നത് കണ്ടു. തുടർന്ന് വടമുപയോഗിച്ച് യുവാവിനെ ബോട്ടിലേക്ക് വലിച്ചുകയറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

