Monday, May 20, 2024
spot_img

പ്രസവത്തെ തുടർന്ന് വൃക്ക തകരാറിലായി യുവതിയുടെ മരണം; ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ, ചികിത്സാ പിഴവെന്ന് കുടുംബം

കോട്ടയം: പാമ്പാടിയില്‍ പ്രസവത്തെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ജില്ലാ ആശുപത്രിയിൽ ഇന്നലെയാണ് ആറ് മാസത്തിലേറെ നീണ്ട രോഗത്തെത്തുടർന്ന് ആതിര (30) മരിച്ചത്. ചികിത്സാ പിഴവിനെ തുടര്‍ന്നുണ്ടായ അണുബാധയാണ് 30കാരി ആതിരയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. എന്നാല്‍ അണുബാധയുടെ കാരണം എന്തെന്ന് അറിയില്ലെന്നാണ് കോട്ടയം ജില്ലാ ആശുപത്രിയുടെ വിശദീകരണം.

ഈ വര്‍ഷം ജനുവരി 11നാണ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് ആതിര വിധേയയായത്. പിന്നാലെ അണുബാധ ഉണ്ടായി. തുടർന്ന് ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് ശേഷം ഡയാലിസിസ് സഹായത്തിലായിരുന്ന ജീവിതം.
ഒരു രോഗവും ഇല്ലാതിരുന്ന മകളെ രോഗിയാക്കിയത് കോട്ടയം ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നുണ്ടായ അണുബാധയെന്ന് ആതിരയുടെ അച്ഛൻ ബാബു ആരോപിച്ചു. അണുബാധയുണ്ടായെന്ന കാര്യം ആശുപത്രി അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ എങ്ങിനെ അണുബാധ ഉണ്ടായെന്ന കാര്യം അറിയില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പറഞ്ഞത്. ആതിരയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Related Articles

Latest Articles