തിരുവനന്തപുരം: മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് ഓണാഘോഷവും തിരുവോണ സദ്യയും. എന്നാൽ ഓണമുണ്ണാൻ കഴിയാത്ത ആയിരക്കണക്കിന് പേരുണ്ട് നമുക്കിടയിൽ. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളും കൂട്ടിരുപ്പ്കാരും ആശുപത്രി ജീവനക്കാരും ഇതിൽപ്പെടും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പ്കാരും ജീവനക്കാർക്കുമായി 6000 ത്തോളം പേർക്ക് ഓണസദ്യ ഒരുക്കിയിരിക്കുകയാണ് സേവാഭാരതി. ഓണസദ്യ നടൻ സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു. ഗോകുൽ സുരേഷ് മുഖ്യാതിഥിയായിരുന്നു. സേവാഭാരതിയുടെ തിരുവനന്തപുരം ജില്ലയിലെ എഴുപതോളം സേവാഭാരതി യുണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരാണ് സദ്യയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യ പന്തിയിൽ സദ്യ വിളമ്പി.
‘സേവാഭാരതിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്.വർഷങ്ങളായി തിരുവോണ ദിനത്തിലെ ഈ അന്നദാനത്തിൽ പങ്കെടുക്കാറുണ്ട്. ഇത് എന്റെ അമ്മ എന്നെ ഏൽപ്പിച്ച ദൗത്യമാണ്’സുരേഷ് ഗോപി അറിയിച്ചു. സേവാഭാരതിയുടെയും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെയും പ്രവർത്തകരുടെയും അക്ഷീണ പ്രവർത്തനത്തിന്റെ ഫലമാണ് തിരുവോണ സദ്യ. മെഡിക്കൽ കോളേജ് അധികൃതരുടെയും നാട്ടുകാരുടെയും പൂർണ്ണ സഹകരണം ഇതിനുണ്ടെന്നും സേവാഭാരതി സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ഹരി പറഞ്ഞു.

