Thursday, December 18, 2025

പോസ്റ്റിന് പിന്നാലെ കടുത്ത സൈബർ ആക്രമണം ! പോലീസിൽ പരാതി നൽകി ഹണി റോസ്

കൊച്ചി: ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി തന്നെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന ആരോപണമുന്നയിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നടക്കുന്നതായി കാട്ടി പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. മുപ്പതോളം പേര്‍ക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നടി പരാതി നല്‍കിയത്. ആരോപണമുന്നയിച്ച പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റുകളിലൂടെ രൂക്ഷമായ ആക്രമണം നടക്കുന്നുവെന്നാണ് ഹണി റോസ് നല്‍കിയ പരാതിയില്‍ പറയുന്നത്.

ദ്വയാര്‍ഥ പരാമര്‍ശങ്ങളിലൂടെ ഒരു വ്യക്തി തന്നെ നിരന്തരം അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണി റോസ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സമൂഹ മാധ്യമങ്ങളിൽ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു. ബുദ്ധിമുട്ടിച്ചയാളുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്

Related Articles

Latest Articles