Sunday, December 21, 2025

തലയോട്ടിക്ക് ഗുരുതരമായ പൊട്ടൽ !തലച്ചോറിന് ക്ഷതം; താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

താമരശ്ശേരിയിൽ വിദ്യാർത്ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മർദ്ദനത്തിൽ ഷഹബാസിന്റെ തലയോട്ടിക്ക് ഗുരുതരമായ പൊട്ടലുണ്ടായിട്ടുണ്ട്, തലച്ചോറിന് ക്ഷതമേറ്റിട്ടുമുണ്ട്‌. കട്ടിയുള്ള ആയുധം കൊണ്ടുള്ള മുറിവാണിത്. കരാട്ടെ പരിശീലകർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഷഹബാസിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. കെടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പള്ളിയില്‍ ഖബറടക്കും. എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതിമാരുടെ മകനാണ്.

ഞായറാഴ്ച താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ഡാന്‍സിന്റെ പാട്ടു നിലച്ചു. ഇതിനെച്ചൊല്ലിയുള്ള നിസാര തര്‍ക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കും ഒടുവില്‍ പത്താം ക്ലാസുകാരന്റെ മരണത്തിലേക്കും നയിച്ചത്. ഫോണ്‍ തകരാറിലായി പാട്ടു നിലയ്ക്കുകയും നൃത്തം തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ കൂകി വിളിച്ചു.

കൂകി വിളിച്ച കുട്ടികളോട്, നൃത്തം ചെയ്ത എളേറ്റില്‍ എംജെ സ്കൂളിലെ പെണ്‍കുട്ടി ദേഷ്യപ്പെടുകയും വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. ഈ പ്രശ്നം ട്യൂഷന്‍ സെന്റര്‍ ജീവനക്കാര്‍ ഇടപെട്ട് പരിഹരിച്ചു. എന്നാൽ, ഒരു വിഭാഗം കുട്ടികളുടെ മനസ്സില്‍ പകയും പ്രതികാരവും വിട്ടുപോയിരുന്നില്ല. വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി കണക്ക് തീര്‍ക്കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇതാണ് നടുറോഡിലെ ഏറ്റുമുട്ടലിലേക്കും ഷഹബാസിന്റെ മരണത്തിലേക്കും എത്തിച്ചത്

Related Articles

Latest Articles