Tuesday, May 28, 2024
spot_img

പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 200 പേർ ,പിതൃസഹോദരി ഇടനിലക്കാരി

നാല് വർഷത്തിനിടെ 16-കാരിയെ പീഡിപ്പിച്ചത് 200-ഓളം പേർ. പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് പിതൃസഹോദരി ഉൾപ്പെട്ട സെക്സ് റാക്കറ്റും. തമിഴ്നാട്ടിലെ മധുരയിലാണ് 16-കാരി കൊടുംക്രൂരതയ്ക്കിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതൃസഹോദരി ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സെക്സ് റാക്കറ്റിൽനിന്ന് പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്. പെൺകുട്ടിയുടെ പിതൃസഹോദരി അന്നലക്ഷ്മി(യഥാർഥ പേരല്ല) (45) ചന്ദ്രകല(56) അനാർക്കലി(58) തങ്കം(44) സുമതി(45) ശ്രാവണപ്രഭു(30) എന്നിവരാണ് പിടിയിലായത്. സെക്സ് റാക്കറ്റ് നടത്തിപ്പുകാരായ ഇവർ പെൺകുട്ടിയെ നിരവധി പേർക്ക് കൈമാറിയതായാണ് വിവരം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ബുധനാഴ്ച ആറ് പേരെയും പിടികൂടിയത്. പെൺകുട്ടിയുടെ അച്ഛൻ മരിച്ചതോടെയാണ് സെക്സ് റാക്കറ്റിൽ ഉൾപ്പെട്ട പിതൃസഹോദരി 16-കാരിയുടെ സംരക്ഷണം ഏറ്റെടുത്തത്. പെൺകുട്ടിയുടെ അമ്മ മാനസികരോഗിയായിരുന്നു. എന്നാൽ സംരക്ഷണം ഏറ്റെടുത്ത പിതൃസഹോദരി പെൺകുട്ടിയെ മറ്റുള്ളവർക്ക് കൈമാറി. എട്ടാം ക്ലാസിൽ പഠനം നിർത്തിയ പെൺകുട്ടിയെ കഴിഞ്ഞ നാല് വർഷത്തിനിടെ ഇരുന്നൂറോളം പേർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. അന്നലക്ഷ്മിക്ക് ഇടപാടുകാർ വരാതായതോടെയാണ് മറ്റുള്ളവർ മുഖേന പുതിയ ഇടപാടുകാരെ കണ്ടെത്തിയത്. തുടർന്ന് സുമതിയുടെ വീട്ടിലായിരുന്നു പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്. മൊബൈൽ ഫോണും പണവും സ്വർണാഭരണങ്ങളും നൽകി ഇവർ പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയും ചെയ്തു. 16-കാരിയെ ഉപയോഗിച്ച് സംഘം പതിനായിരങ്ങൾ സമ്പാദിച്ചെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ഇടയ്ക്കിടെ താമസസ്ഥലം മാറുന്നതും ഇവരുടെ പതിവായിരുന്നു. ആംബുലൻസ് ഡ്രൈവറായ ശ്രാവണപ്രഭുവിന്റെ സഹായത്തോടെയാണ് പലയിടത്തും പെൺകുട്ടിയെ എത്തിച്ചിരുന്നത്. ഓട്ടോഡ്രൈവറായ ചിന്നത്തമ്പി എന്നയാളും സംഘത്തെ സഹായിച്ചിരുന്നു. ഒളിവിൽപോയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെയും പ്രതികളുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണെന്നും കൂടുതൽപേർ കേസിൽ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്നവിവരം. അതേസമയം, നിലവിൽ സർക്കാർ അഭയകേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്ന പെൺകുട്ടിക്ക് കൗൺസിലിങ് ഉൾപ്പെടെ നൽകുന്നുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും അറിയിച്ചു. പെൺകുട്ടിയെ തത്‌കാലത്തേക്ക് കുടുംബത്തോടൊപ്പം വിടേണ്ടെന്നാണ് തീരുമാനമെന്നും അധികൃതർ പറഞ്ഞു.

Related Articles

Latest Articles