Sunday, January 4, 2026

ലൈംഗീകാരോപണം ;സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിയും!ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

തിരുവനന്തപുരം: സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് നടനും എം.എല്‍.എയുമായ മുകേഷ് ഒഴിയും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിയാൻ ആലോചന. ഒഴിയാൻ പാർട്ടി നിർദ്ദേശം നൽകിയതായി സൂചന.

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചതാണ് സിനിമാനയ രൂപീകരണ സമിതി. പത്തംഗ സമിതിയാണ് രൂപീകരിച്ചത്. ഷാജി എൻ കരുൺ ആണ് സമിതി ചെയർമാൻ. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണിയാണ് കൺവീനർ. മുകേഷിന് പുറമെ മഞ്ജു വാര്യർ, ബി. ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങൾ. സംസ്ഥാന സർക്കാരിന്‍റെ സിനാമാനയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്.

കാസ്റ്റിംഗ് ഡയറക്ടർ ആയ വനിത 2018ൽ ഉയർത്തിയ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയർന്നുവന്നത്. 19 വർഷം മുൻപു ചാനൽ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്‍റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവർത്തകയുടെ അന്നത്തെ വെളിപ്പെടുത്തൽ. തുടര്‍ന്ന് ഒരു നടിയും രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് നടി വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാൻ ക്ഷണിച്ചുവെന്നും നടി ആരോപിച്ചിരുന്നു.

Related Articles

Latest Articles