Monday, December 22, 2025

എസ്എഫ്ഐ നേതാവിനെ കുത്തിയത് വടിവാളുകൊണ്ട് ; ആക്രമണത്തിന് പിന്നിൽ 20 അംഗ സംഘം,2 പേർ പിടിയിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ രണ്ട്‌പേർ പോലീസ് പിടിയിൽ. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

പരിക്കേറ്റ നാസറിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. നാടക പരിശീലനത്തിനിടെ കോളേജിൽ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ കോളേജിനുസമീപത്ത് വെച്ച് ഇരുപതോളം ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവർത്തകർ ചേർന്ന് നാസർ അബ്ദുൾ റഹ്മാനെ വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. കൂട്ടത്തോടെയെത്തി ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്.

ആറുപേർ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവർ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് അക്രമങ്ങളിലേക്ക് കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാനായി ക്യാമ്പസിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles