മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബെംഗളൂരുവിലെ എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ അടിമുടി ദുരൂഹമാണെന്ന് കർണാടക രജിസ്ട്രാർ ഓഫ് കമ്പനീസ്റിപ്പോർട്ട് പുറത്ത് വന്നതോടെ അടിമുടി പെട്ടിരിക്കുന്നത് യഥാർത്ഥത്തിൽ പിണറായി വിജയനാണ് , മുഖ്യമന്ത്രിയുടെ സ്വന്തം മകളുടെ കള്ളത്തരങ്ങൾ തന്നെ ഇങ്ങനെ പൊങ്ങി വരുമ്പോൾ മൗനമല്ലാതെ പിണറായിക്കും സിപിമ്മിനും വേറെ വഴിയില്ല.
കമ്പനിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളിലും ദുരൂഹതയാണ് പുറത്ത് വന്നിരിക്കുന്നത് . സിഎംആർഎല്ലിൽ നിന്നു പണം കൈപ്പറ്റിയതു സംബന്ധിച്ച് കൃത്യമായ രേഖ കമ്പനി ഹാജരാക്കിയിട്ടില്ല. പിഴയും തടവും ലഭിക്കാവുന്ന ഗുരുതര വകുപ്പുകൾ പ്രകാരം എക്‌സാലോജിക്കിനെതിരേ നടപടിയെടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ. എക്‌സാലോജിക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സിബിഐയോ ഇ ഡിയോ അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
തുക വാങ്ങിയത് എന്തിനെന്നു തെളിയിക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണ്, അതിൽ കമ്പനി പരാജയപ്പെട്ടു. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്നു മാത്രമാണ് എക്‌സാലോജിക് പറയുന്നത്. ഇരുകമ്പനികളും തമ്മിലുള്ള കരാർപത്രം പോലും ഹാജരാക്കാൻ എക്സാലോജിക്കിനായിട്ടില്ല. കമ്പനീസ് ആക്ട് 2013ന്റെ വകുപ്പ് 447, 488 പ്രകാരം എക്സാലോജിക്കിന്റെ പേരിൽ നടപടിയാകാം. ദുരൂഹത നീക്കാൻ ഇരുകമ്പനികളുടെയും അക്കൗണ്ടുകൾ പരിശോധിക്കണം. സർക്കാർ ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ. ഇടപാടുകൾ നടത്തുമ്പോൾ കമ്പനിയുടെ ബോർഡിനെ അറിയിക്കണം. എക്സാലോജിക്കുമായുള്ള കരാറിനെപ്പറ്റി ബോർഡിനെ അറിയിച്ചിരുന്നില്ല. കമ്പനീസ് ആക്ട് 188-ാം വകുപ്പ് ലംഘനമാണിത്.
ആർഒസിയുടെ പ്രാഥമികാന്വേഷണത്തിൽ ക്രമക്കേടു കണ്ടതിനാലാണ് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്. ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ട് ശരിവയ്‌ക്കുന്നതാണ് ആർഒസി റിപ്പോർട്ടും.വീണയുടെ കമ്പനി കൈപ്പറ്റിയ തുകയെക്കുറിച്ചും മറ്റും വിശദമായി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ രജിസ്ട്രാർ ഓഫ് കമ്പനീസിന് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം നാലു മാസം അനുവദിച്ചിട്ടുണ്ട്. ക്രമക്കേടുകളെ കുറിച്ച് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം നിയോഗിച്ച മൂന്നംഗ ഉന്നതതല സംഘം പരിശോധിക്കുകയാണ്. ഈ സമിതിയും സിബിഐ, ഇ ഡി അന്വേഷണത്തിനു ശിപാർശ ചെയ്‌തേക്കാം. റിപ്പോർട്ട് പരിഗണിക്കുന്ന ഹൈക്കോടതിയും ഇത്തരം അന്വേഷണത്തിന് നിർദേശിച്ചേക്കാമെന്ന് നിയമ വിദഗ്ധർ പറയുന്നു. ഏതായാലും ഏകാധിപതി മനോഭാവത്തോടെ നടക്കുന്ന പിണറായി വിജയന് ഇതിലും വലിയ തിരിച്ചടി ഇനി കിട്ടാനില്ല

