Friday, January 9, 2026

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നതോടെയാണ് തീരുമാനം. എസ്എഫ്ഐ ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.

കോളജ് യൂണിറ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക ആരോപണങ്ങള്‍ അന്വേഷിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട സാഹചര്യത്തില്‍ സംഘടനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉള്‍പ്പെടുത്തിയാണ് അഡ്‌ഹോക് കമ്മിറ്റി.

നിരന്തര സംഘര്‍ഷങ്ങളുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളജിനെതിരെ പലതവണ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ സംഘടനയുടെ പ്രതിച്ഛായ മോശമാക്കിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശനമായ അഴിച്ചുപണിക്ക് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം എസ്എഫ്ഐ നേതൃത്വം തയ്യാറായത്.

ഹോസ്റ്റലിലെ അനധികൃത താമസത്തെച്ചൊല്ലി എസ്എഫ്ഐ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം ഉള്‍പ്പെടെ നടപടിക്ക് കാരണമായിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ എത്തിയ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികള്‍ മര്‍ദിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

ഇതിന് പുറമെ കോളജിലെ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്ഐ നേതാക്കളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തെങ്കിലും മുന്‍കൂര്‍ ജാമ്യം നേടി തിരിച്ചെത്തിയ പ്രതികള്‍ക്ക് ക്യാംപസില്‍ സ്വീകരണം നല്‍കിയതും നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

Related Articles

Latest Articles