ബെംഗളൂരു: മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്റെ ഹർജിയിൽ കർണാടക ഹൈക്കോടതിയുടെ ഇടക്കാല വിധി ഇന്ന്. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വിധി പറയുക. എക്‌സാലോജിക്ക്- സിഎംആർഎൽ ദുരൂഹ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനാണ് കേസിലെ പ്രധാന വ്യക്തി.
എക്‌സാലോജിക്കിന്റെ ആസ്ഥാനം ബെംഗളൂരുവിൽ ആയതിനാലാണ് ഹർജി കർണാടകയിൽ ഫയൽ ചെയ്തിരിക്കുന്നത്. എസ്.എഫ്.ഐ.ഒ ഡയറക്ടറും കേന്ദ്ര സർക്കാരുമാണ് കേസിലെ എതിർകക്ഷികൾ. ആർഒസി അന്വേഷണത്തിനോട് പൂർണമായും സഹകരിച്ചിട്ടുണ്ട്. പക്ഷേ കമ്പനീസ് ആക്ടിലെ 212-ാം വകുപ്പ് പ്രകാരമുള്ള എസ്.എഫ്.ഐ. ഒ അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാൻ വേണ്ടി എക്‌സാലോജിക്കിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം.
2021 ജനുവരിയിലാണ് മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ചതെന്ന് എസ്എഫ്ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചു. എതിർ സത്യവാങ്മൂലത്തിലാണ് വീണയെയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലാഴ്‌ത്തിയുള്ള എസ്എഫ്ഐഒയുടെ വെളിപ്പെടുത്തൽ. അന്വേഷണത്തിന്റെ ഭാഗമായി വീണയിൽ നിന്ന് 2022 ജൂലൈ 22 ന് മൊഴിയെടുത്തു. ബെംഗളൂരു ആർ.ഒ.സിയിലെ ഉദ്യോഗസ്ഥർക്ക് മുമ്പാകെയാണ് വീണ ഹാജരായത്. പിഴ ഇട്ടിരുന്നതായും 2022 നവംബറിലാണ് എക്സാലോജിക്ക് പൂട്ടിയതെന്നുമാണ് എതിർ സത്യവാങ്മൂലത്തിലെ എസ്.എഫ്.ഐ.ഒ വെളിപ്പെടുത്തൽ.

