വയനാട്: മാനന്തവാടി ജനവാസമേഖലയിലിറങ്ങിയ കൊലയാളി കാട്ടാനയെ ആറ് ദിവസം പിന്നിട്ടിട്ടും പിടികൂടാനാവാതെ തളർന്ന് വനംവകുപ്പ്. ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ദൗത്യത്തിനൊപ്പം കർണാടകയിലെ സംഘവും ചേരും. 25 അംഗ സംഘമാണ് ദൗത്യത്തിൽ ചേരുന്നത്. ബേലൂരിൽ നിന്ന് കാട്ടാനയെ പിടികൂടിയ സംഘമാണ് കേരളാ വനംവകുപ്പിന്റെ സംഘത്തോടൊപ്പം ദൗത്യത്തിൽ സഹകരിക്കുന്നത്.
നിലവിൽ ആനയുടെ സഞ്ചാരവേഗമാണ് വെല്ലുവിളിയായി തുടരുന്നത്. റോഡിയോ കോളറിൽ നിന്ന് ലഭിക്കുന്ന സിഗ്നൽ അനുസരിച്ചായിരിക്കും ഇന്നും ദൗത്യം നടക്കുക. മയക്കുവെടി വയ്‌ക്കാൻ സാധിക്കുന്ന ഭൂപ്രദേശത്ത് ബേലൂർ മഖ്‌നയെ എത്തിക്കണം. ഇതാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന വെല്ലുവിളി.
കഴിഞ്ഞ ദിവസം രാവിലെ പനവല്ലിക്കടുത്ത് മാനിവയലിലായിരുന്ന കാട്ടാന ഉച്ചയോടെ കുതിരക്കോട് വനമേഖലയിലേക്ക് മാറിയിരുന്നു. മറ്റൊരു മോഴയാന ഈ കാട്ടാനയ്‌ക്കൊപ്പം തുടരുന്നതും പ്രതിസന്ധിക്ക് കാരണമായി. ഇരു കാട്ടാനകളെയും വേർപെടുത്തിയ ശേഷം മാത്രമേ മയക്കുവെടി വയ്‌ക്കാനാവുകയുള്ളൂവെന്ന് വനംവകുപ്പ് അറിയിച്ചു.

