Monday, May 20, 2024
spot_img

കുവൈറ്റിലേക്കുള്ള മനുഷ്യക്കടത്തിന് മറ്റൊരു തെളിവ് കൂടി; വനവാസി യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം, ഭക്ഷണവും വെള്ളവും ഇല്ലാതെ തള്ളിനീക്കിയത് മാസങ്ങൾ

കൊല്ലം: പത്തനാപുരം സ്വദേശിയായ വനവാസി യുവതി കുവൈറ്റിലെ തൊഴിലുടമയിൽ നിന്ന് രക്ഷപ്പെട്ടെത്തിയപ്പോൾ നേരിട്ടത് ക്രൂര പീഡനം. ദിവസവും കഴിക്കാൻ നൽകിയിരുന്നത് ഒരു കുബ്ബൂസ് മാത്രം. തൊഴിലുടമ പതിവായി മർദിച്ചിരുന്നതായും രക്ഷപ്പെടാൻ ശ്രമിച്ചാൽ കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

പത്ത് വര്‍ഷങ്ങൾക്ക് മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ കുടുംബഭാരം ചുമലിലേറ്റിയതാണ് ശാലിനി. പകുതിക്കിട്ട വീട് പണി തീര്‍ക്കണം. രണ്ടു മക്കളേയും പഠിപ്പിക്കണം. അങ്ങനെ കടം വാങ്ങിയ പണം നൽകി, കൂറേയേറെ സ്വപ്നങ്ങളുമായാണ് ശാലിനി കുവൈറ്റിലേക്ക് വിമാനം കയറിയത്. കുളത്തുപ്പുഴ സ്വദേശി മേരിയാണ് ക്ലീനിംഗ് സ്റ്റാഫ് എന്ന പേരിൽ ഗൾഫിലെത്തിച്ചത്. പക്ഷേ ചെന്നയുടൻ ലൈംഗിക തൊഴിലാളിയാകാൻ വരെ മേരി നിര്‍ബന്ധിച്ചു. യുവതി വഴങ്ങാതായതോടെ തൊഴിലുടമയായ അറബിയും മേരിയും ചേര്‍ന്ന് ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.

യുവതിക്ക് കഴിക്കാൻ ദിവസവും നൽകിയത് ആകെ ഒരു കുബ്ബൂസ് മാത്രം. ദുരിതജീവിതം വീട്ടിൽ വിളിച്ചു പറഞ്ഞതോടെ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നുമായി ഭീഷണി. നോര്‍ക്കാ റൂട്സിന്റെയും രാഷ്ട്രീയ നേതാക്കളുടേയും ഇടപെടലോടെയാണ് മോചനമുണ്ടായത്. നാട്ടിലെത്തിയ ഉടൻ ശാലിനി മേരിക്കെതിരെ പത്തനാപുരം പൊലീസിൽ പരാതി നൽകി. താൻ ജോലി ചെയ്തിടത്ത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു സ്ത്രീയും രക്ഷപ്പെടാനാകാതെ കിടക്കുകയാണെന്നും യുവതി അറിയിച്ചു.

Related Articles

Latest Articles