Sunday, December 21, 2025

ഷെയ്ൻ നിഗത്തെ ഇനി അഭിനയിപ്പിക്കില്ല; വിലക്കുമായി നിർമാതാക്കൾ

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന് മലയാള സിനിമാ നിർമാതാക്കളുടെ വിലക്ക്. പുതിയ ചിത്രങ്ങളിൽ ഷെയ്നെ സഹകരിപ്പിക്കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻറെ അടിയന്തര യോഗം കൂടി തീരുമാനിച്ചു. നിർമാതാവ് ജോബി ജോർജാണു ഷെയ്ൻ നിഗമിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നൽകിയ പരാതിയിന്മേലാണ് നടപടി. തന്റെ വെയിൽ എന്ന സിനിമയുമായി സഹകരിക്കാൻ ഷെയ്ൻ നിഗം തയാറാവുന്നില്ലെന്നാണ് ജോബി ജോർജിന്റെ പരാതി.

നേരത്തെ ജോബി ജോർജ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. താരസംഘടനയായ അമ്മയ്ക്കു പരാതി നൽകുകയും ചെയ്തു. ഇതേതുടർന്ന് ഇരുവരും തമ്മിലുള്ള തർക്കം സംഘടനകൾ ഇടപെട്ട് പരിഹരിച്ചു. വെയിൽ സിനിമയുടെ ചിത്രീകരണത്തിനായി വരാമെന്ന് ഷെയ്ൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ സിനിമയിൽ അഭിനയിക്കാൻ ഷെയ്ൻ എത്തുന്നില്ലെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കിയാണ് ജോബി ജോർജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് പരാതി നൽകിയത്. തുടർച്ചയായി ഷൂട്ടിംഗ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോർജ് പരാതിയിൽ വ്യക്തമാക്കുന്നു.

വീണ്ടും പരാതി ഉയർന്നതോടെ ഷെയ്നെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഇക്കാര്യം താരസംഘടനയായ അമ്മയെ അറിയിച്ചു. ഇതോടെ ഷെയ്ൻ നിഗത്തിന് വിലക്കിനുള്ള സാധ്യതയും ഉയരുകയാണ്. ഷെയ്നിന്റെ നിസഹരണത്തെതുടർന്ന് വെയിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. ഒത്തുതീർപ്പിനു ശേഷം നവംബർ 16 മുതൽ ജോബി നിർമ്മിക്കുന്ന വെയിലിന്റെ ചിത്രീകരണവുമായി സഹകരിക്കും എന്ന് ഷെയ്ൻ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles